hotels

കൊച്ചി: കൊവിഡും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ രാജ്യത്തെ ഹോസ്‌പിറ്റാലിറ്റി മേഖല (ഹോട്ടൽ റൂം ശൃംഖല) സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ മൂന്നുമാസം മുതൽ മൂന്നുവർഷം വരെ എടുത്തേക്കുമെന്ന് വിലയിരുത്തൽ. ഇക്കാലയളവിൽ വരുമാനത്തിൽ പ്രതീക്ഷിക്കുന്ന കുറഞ്ഞ നഷ്‌ടം 600 കോടി ഡോളറാണ് (50,000 കോടി രൂപ). പ്രതിസന്ധി മൂന്നുവർഷത്തേക്ക് നീണ്ടാൽ നഷ്‌ടം 1,476 കോടി ഡോളർ കടക്കും. അതായത്, ഏകദേശം 1.12 ലക്ഷം കോടി രൂപ.

ശരാശരി 6,000 രൂപ പ്രതിദിന വാടകയുള്ള 1.40 ലക്ഷം ആഡംബര (ബ്രാൻഡഡ്) മുറികളാണ് ഇന്ത്യയിലുള്ളത്. 26.6 ലക്ഷം അൺബ്രാൻഡഡ് മുറികളുമുണ്ട്. ഇവയുടെ ശരാശരി പ്രതിദിന നിരക്ക് 1,667 രൂപ. സാധാരണ സാഹചര്യങ്ങളിൽ. പ്രതിവർഷം 500 കോടി ഡോളറിന്റെ വരുമാനം (38,000 കോടി രൂപ) ബ്രാൻഡഡ് ശൃംഖല നേടാറുണ്ട്. അൺബ്രാൻഡഡ് ശൃംഖല നേടുന്നത് 1,800 കോടി ഡോളർ (1.36 ലക്ഷം കോടി രൂപ). സംയുക്ത വരുമാനം 1.74 ലക്ഷം കോടി രൂപ.

കൊവിഡ്-19 വ്യാപനം, ലോക്ക്ഡൗണിന്റെ തുടർച്ച, യാത്രാ നിരോധനത്തിലെ ഇളവ്, രക്ഷാപാക്കേജ് എന്നിവ അനുസരിച്ചായിരിക്കും ഹോസ്‌പിറ്റാലിറ്റി മേഖലയുടെ വരുമാന നഷ്ടം കണക്കാക്കാനാവുക എന്ന് കൺസൾട്ടിംഗ് സ്ഥാപനമായ ഹോട്ടൽഐവേറ്റ് അഭിപ്രായപ്പെട്ടു. ലോക്ക്ഡൗൺ പിൻവലിച്ചാലും ആഭ്യന്തര-രാജ്യാന്തര യാത്രാ നിരോധനം നീക്കിയാലും സ്ഥിതി സാധാരണ നിലയിലെത്താൻ വൈകും. യാത്രികന്റെ ആരോഗ്യം, സഞ്ചാര ചരിത്രം എന്നിവ പരിശോധിക്കേണ്ടിയും വരും. കൊവിഡ് ഭീതി ഒഴിഞ്ഞാലും സാമൂഹിക അകലം പോലെയുള്ള നടപടികൾ ദീർഘകാലം തുടരേണ്ടിയും വരും. ഈ നടപടികൾ ഹോസ്‌പിറ്റാലിറ്റിയുടെ നേട്ടത്തിലേക്കുള്ള തിരിച്ചുവരവ് വൈകിപ്പിക്കും.