പത്തനംതിട്ട: കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ ഉണ്ടായിരുന്നവരുടെ വിവരങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വനിതാ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടറെ അറസ്റ്റുചെയ്തു. തെള്ളിയൂർ മൃഗാശുപത്രിയിൽ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറായ കോയിപ്രം അശ്വതി ഭവനിൽ മായയെയാണ് പത്തനംതിട്ട സി.െഎ എസ്. ന്യൂമാന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
പത്തനംതിട്ട കൊറോണ കൺട്രോൾ റൂമിൽ നിന്നുളള വിവരങ്ങൾ മായ സ്വന്തം വാട്‌സ്ആപ്പ് നമ്പരിൽ നിന്ന് മറ്റ് ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. സൈബർസെൽ നടത്തിയ അന്വേഷണത്തിൽ മായയുടെ വാട്‌സ്ആപ്പ് നമ്പറിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്ന് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ അന്വേഷണം തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ അറിയിച്ചു.