ന്യൂഡൽഹി: പ്രതിസന്ധി ഘട്ടത്തിൽ ഗൾഫ് രാജ്യങ്ങളായ യു.എ.ഇക്കും കുവൈറ്റിനും സഹായഹസ്തവുമായി ഇന്ത്യ. കൊവിഡ് പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങൾക്കും രോഗത്തിനെതിരെ പോരാടാൻ കരുത്തേകുകയാണ് ഇന്ത്യ ഇപ്പോൾ ചെയ്തിരിക്കുന്നത്.
രോഗത്തെ ചെറുക്കാൻ ഇന്ത്യൻ ഡോക്ടർമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും തങ്ങൾക്ക് ആവശ്യമുണ്ടെന്ന് ഇരു രാജ്യങ്ങളും ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. ഈ സഹായാഭ്യർത്ഥനയാണ് രാജ്യം ചെവികൊണ്ടിരിക്കുന്നത്.
അധികം വൈകാതെ തന്നെ ഇന്ത്യയിൽ നിന്നും നിന്നും മിലിട്ടറി ഡോക്ടർമാർ ഉൾപ്പെടുന്ന ആരോഗ്യ പ്രവർത്തകർ യു.എ.ഇയിലേക്കും കുവൈറ്റിലേക്കും പുറപ്പെടും. ഒരു ദേശീയ മാദ്ധ്യമത്തിന് കേന്ദ്ര സർക്കാറിലെ ഒരു ഉദ്യോഗസ്ഥനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയത്. സഹായം വേണമെന്ന് ആദ്യം ഇന്ത്യയോട് അഭ്യർത്ഥിച്ചത് കുവൈറ്റ് ആണ്. അഭ്യർത്ഥന സ്വീകരിച്ച് പതിനഞ്ചംഗ റാപ്പിഡ് റെസ്പോൺസ് ടീമിനെ ഇന്ത്യ അവിടേക്ക് അയച്ചിരുന്നു.
ഈ സംഘം അവരുടെ ചുമതലകൾ പൂർത്തീകരിച്ച് ഇന്ത്യയിലേക്ക് മടങ്ങിയ ഉടനെയാണ് കുവൈറ്റ് വീണ്ടും ഇന്ത്യയോട് കൂടുതൽ ആരോഗ്യ പ്രവർത്തകരെ തങ്ങൾക്ക് വേണം എന്ന് ആവശ്യപ്പെടുന്നത്. അതേസമയം, യു.എ.യും ഇതേ ആവശ്യവുമായി ഇന്ത്യയെ സമീപിക്കുകയായിരുന്നു.
ഗൾഫ് രാജ്യങ്ങളിൽ നിന്ന് മാത്രമല്ല, ആഫ്രിക്കൻ ദ്വീപുകളായ മൗറീഷ്യസ്, കൊമോറോസ് എന്നിവരും ആരോഗ്യപ്രവർത്തകരെ അയച്ച് തങ്ങളെ സഹായിക്കണമെന്ന ആവശ്യവുമായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. പ്രധാനമായും വിരമിച്ച മിലിട്ടറി ഡോക്ടർമാർ, നഴ്‌സുമാർ, ലാബ് ടെക്‌നീഷ്യന്മാർ എന്നിവരാകും ഇന്ത്യയോട് സഹായമഭ്യർത്ഥിക്കുന്ന രാജ്യങ്ങളിലേക്ക് അയക്കുക. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ പറയുന്നു.