മുംബയ്: ഹോളിവുഡിൽ ഉൾപ്പെടെ നാൽപ്പതിലേറെ സിനിമകളിൽ ഇർഫാൻ ഖാൻ അഭിനയിച്ചിട്ടുണ്ട്. തീക്ഷ്ണമായ അഭിനയ ശൈലികൊണ്ട് മനസിൽ തറയ്ക്കുന്നതാണ് ഇർഫാന്റെ പല കഥാപാത്രങ്ങളും. പ്രത്യേകിച്ച് പാൻസിംഗ് തൊമാർ, ഹിന്ദി മീഡിയം, മഖ്ബൂൽ തുടങ്ങിയവയിലെ കഥാപാത്രങ്ങൾ. മലയാളി താരം പാർവതിക്കൊപ്പം ഖരീബ് ഖരീബ് സിംഗിൾ എന്ന സിനിമയിലും ദുൽഖർ സൽമാനൊപ്പം കാർവാൻ എന്ന സിനിമയിലും ഇർഫാൻ അഭിനയിച്ചിട്ടുണ്ട്. പാർവതിയുടെയും ദുൽഖറിന്റെയും ഹിന്ദിയിലെ അരങ്ങേറ്റ ചിത്രങ്ങളായിരുന്നു അവ.
സയീദ് ജാഫ്രി, റോഷൻ സേഥ്, ഓംപുരി എന്നിവർക്ക് ശേഷം ഹോളിവുഡ് സിനിമയിൽ അഭിനയമുദ്ര പതിച്ച ഇന്ത്യൻ നടനാണ് ഇഫാൻ ഖാൻ. ദ വാറിയർ എന്ന സിനിമയിലൂടെ ഹോളിവുഡിൽ അരങ്ങേറിയ ഇർഫാൻ ലൈഫ് ഒഫ് പൈ, സ്ലം ഡോഗ് മില്യണെയർ തുടങ്ങി ഓസ്കാർ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ പല ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിട്ടുണ്ട്. ദ നെയിംസേക്, എ മൈറ്റി ഹാർട്ട്, അമേസിംഗ് സ്പൈഡർമാൻ, ജുറാസിക് വേൾഡ്, ലൈഫ് ഓഫ് പൈ തുടങ്ങിയവയാണ് ഇർഫാന്റെ പ്രധാന ഹോളിവുഡ് ചിത്രങ്ങൾ.
ശനിയാഴ്ച ഇർഫാൻ ഖാന്റെ മാതാവ് സഈദ ബീഗം രാജസ്ഥാനിലെ ജയ്‌പൂരിൽ മരണമടഞ്ഞിരുന്നു. ലോക്ഡൗൺ കാരണം അവിടെ ചെന്ന് മാതാവിനെ അവസാനമായി കാണാൻ ഇർഫാനു കഴിഞ്ഞിരുന്നില്ല.