തിരുവനന്തപുരം: മൂന്നാം വർഷ എം.ബി.ബി.എസ് പാർട്ട് വൺ പരീക്ഷാ ഫലത്തിൽ മൂല്യനിർണയ പിശകെന്ന ആരോപണം ശക്തം. ഈ വർഷം ഏപ്രിൽ 21ന് കേരള ആരോഗ്യ സർവകലാശാല പ്രസിദ്ധീകരിച്ച ഫലത്തിൽ വിദ്യാർത്ഥികൾക്ക് കൂട്ടത്തോൽവിയാണ് ഉണ്ടായത്. ഒന്നോ രണ്ടോ മാർക്കിന്റെ അടിസ്ഥാനത്തിൽ ഇ.എൻ.ടി, ഒഫ്താൽമോളജി എന്നീ വിഷയങ്ങളിലാണ് തോൽവികൾ കൂടുതലായി ഉണ്ടായിരിക്കുന്നത്.
ജനുവരി മാസത്തിൽ നടത്തിയ പരീക്ഷയിൽ ചോദ്യപേപ്പർ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കോളേജുകൾ കെ.യു.എച്ച് എസിന് അയച്ച കത്തിൽ പ്രതിപാദിച്ച കാര്യങ്ങൾ മുഖവിലയ്‌ക്കെടുക്കാതെ നടന്ന മൂല്യനിർണയമാണ് തോൽവിക്ക് കാരണം എന്നാണ് ആരോപണം.
ഈ സാഹചര്യത്തിൽ തോറ്റ വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കെ.യു.എച്ച്.എസ് വൈസ് ചാൻസലർ, കൺട്രോളർ ഒഫ് എക്സാംസ്, ആരോഗ്യ മന്ത്രി തുടങ്ങിയവരോട് ഇ-മെയിൽ വഴിയും നേരിട്ടും വിദ്യാർത്ഥികളും അദ്ധ്യാപകരും അഭ്യർത്ഥിച്ചു.
ഇത് സംബന്ധിച്ച് നടപടി സ്വീകരിച്ചതായി സർക്കാരിന്റെ ഭാഗത്തുനിന്നോ കെ.യു.എച്ച്.എസിന്റെ ഭാഗത്തുനിന്നോ വിവരമൊന്നും ലഭിച്ചിട്ടില്ല എന്നും ഇവർ പറയുന്നു. കെ.യു.എച്ച്.എസ് നിയമാവലിയിൽ പുനർമൂല്യ നിർണയം ചെയ്യാൻ വ്യവസ്ഥയില്ലെങ്കിലും കൊവിഡ് രോഗവ്യാപനത്തിന്റെ പ്രതികൂല സാഹചര്യത്തിലെ അഭ്യർത്ഥനയായി കണ്ട് അംഗീകരിക്കണമെന്നും വിദ്യാർത്ഥികളും അദ്ധ്യാപകരും ആവശ്യപ്പെടുന്നു.