don-lee

മലയാളിയുടെ മഹാനടൻ മാത്രമല്ല, ഏറ്റവും വലിയ വികാരം കൂടിയാണ് നടനും സൂപ്പർതാരവുമായ മോഹൻലാൽ. അനായാസതയാണ് മോഹൻലാലിന്റെ അഭിനയത്തെ ഏറ്റവും മികച്ചതാക്കുന്നത്. മാസ് വേഷങ്ങളിലാകട്ടെ, അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളുടെ കാര്യത്തിലാകട്ടെ, മോഹൻലാൽ കസറുമെന്ന കാര്യത്തിൽ മലയാളിക്ക് ഒരു സംശയവുമില്ല. എന്നാൽ മലയാളത്തിന്റെ മഹാനടന് ഒരു കൊറിയൻ അപരൻ ഉണ്ടെന്ന കാര്യം എത്രപേർക്കറിയാം?

മാ ദോങ് സുക് അല്ലെങ്കിൽ ഡോൺ ലീ എന്ന പേരിൽ അറിയപ്പെടുന്ന കൊറിയൻ നടൻ അടുത്തിടെയാണ് മലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളായി മാറിയത്. കൊറിയൻ ചിത്രങ്ങൾ കാണുന്നത് ഒരു ശീലമാക്കിയ മലയാളിയുടെ ശ്രദ്ധയിൽ കൊറിയൻ ആക്ഷൻ, മാസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായ ലീയും പെട്ടു. അതോടെ കൊറിയൻ നടനും മോഹൻലാലും തമ്മിലുള്ള സാമ്യങ്ങൾ ലീയുടെ മലയാളി സിനിമാപ്രേക്ഷകർക്ക് കൗതുകമായി.

മോഹൻലാലിന്റെ താരതമ്യേന ശരീരപ്രകൃതവും മുഖഛായയും ലീയിലും അവർ കണ്ടെത്തി. ഇതോടൊപ്പം ലീയുടെ മാസ് കഥാപാത്രങ്ങളെ കൂടി കണ്ടതോടെ ആക്ഷൻ സ്റ്റാറിന് 'കൊറിയൻ ലാലേട്ടൻ' എന്ന പുതിയ പേരും അവരിട്ടു. ചെറിയ റോളുകൾ ചെയ്തുവന്ന ലീ വളരെ പെട്ടെന്നാണ് കൊറിയയിലെ ഏറ്റവും വലിയ സിനിമാ താരങ്ങളിൽഒരാൾ എന്ന ഖ്യാതി നേടുന്നത്.

'ട്രെയിൻ ടു ബുസാൻ', 'ദ ഗ്യാങ്സ്റ്റർ, ദ കോപ്പ്, ദ ഡെവിൾ', 'ദ ഔട്ട്ലോസ്', 'ചാമ്പ്യൻ', 'അൺസ്റ്റോപ്പബിൾ' എന്നിവയാണ് ലീയുടെ പ്രധാന ചിത്രങ്ങൾ. 'ഇറ്റേണൽസ്' എന്ന മാർവൽ ചിത്രത്തിലൂടെ ഹോളിവുഡിലും ഒരു കൈ നോക്കാൻ ഒരുങ്ങുകയാണ് ലീ ഇപ്പോൾ. ഈ കൊറിയൻ സൂപ്പർതാരം ഇന്ത്യൻ സിനിമയിലും പ്രത്യക്ഷപ്പെടും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.