covid

വാഷിംഗ്ടൺ: ആഗോളമഹാമാരിയായ കൊവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 227,247 ആയി ഉയർന്നു. അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം വീണ്ടും വർദ്ധിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,502 പേർക്കാണ് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത്. 1,064,194 പേർക്ക് രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച മാത്രം 28,429 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 147,411 പേർ സുഖംപ്രാപിച്ചു. ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. ആകെ മരണം 61,000 കടന്നു.

ബ്രിട്ടണിലും മരണസംഖ്യ ഉയരുകയാണ്. 24 മണിക്കൂറിനുള്ളിൽ 795 ജീവനുകൾ നഷ്ടമായി. മരണസംഖ്യ 26,097 ആയി ഉയർന്നു. പ്രതിദിനം ശരാശരി 900ത്തിലേറെപ്പേരാണ് ബ്രിട്ടനിൽ മരിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ രണ്ടുദിവസമായി മരണനിരക്ക് 500- 600 ലേക്ക് താഴ്ന്നെങ്കിലും വൈറസ് വ്യാപനം ഉടനെയൊന്നും നിയന്ത്രണ വിധേയമാകില്ലെന്നാണ് ആരോഗ്യവിഭാഗം പറയുന്നത്. രാജ്യത്ത് 20,​000 പേർ മരിക്കുമെന്നായിരുന്നു ആരോഗ്യ വിഭാഗത്തിന്റെ പ്രവചനം.

സ്‌പെയ്ൻ, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ബുധനാഴ്ച മരണനിരക്ക് 500ൽ താഴെയായി കുറഞ്ഞു. 2.3 ലക്ഷം പേർക്ക് രോഗം പിടിപെട്ട ഇറ്റലിയിൽ മരണം 27,682 ആയി. സ്‌പെയ്നിൽ 24,275 പേരും ഇതുവരെ മരിച്ചു. ഫ്രാൻസിൽ മരണസംഖ്യ 24,000 കടന്നു. ബെൽജിയത്തിൽ 7501 പേരും ജർമനിയിൽ 6467 പേരും മരണത്തിന് കീഴടങ്ങി. ഇറാനിൽ മരണം ആറായിരത്തോട് അടുക്കുന്നു. ബ്രസീലിൽ 5500 പിന്നിട്ടു.