-kim-

സോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് ഉയരുന്നത്. അതിനിടെയാണ് കിമ്മിന്റെ ഉല്ലാസ നൗകകൾ അദ്ദേഹത്തിന്റെ കടലോര റിസോർട്ടിനടുത്ത് നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നത്. ഉപഗ്രഹ ക്യാമറയാണ് ഈ ദൃശ്യങ്ങൾ ഒപ്പിയെടുത്തത്.

ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം കിമ്മിന്റെ ആരോഗ്യം മോശമായെന്ന റിപ്പോർട്ടിനിടെയാണ് വൊൻസാനിൽ ആഡംബര നൗകകളുടെ നീക്കം ശ്രദ്ധയിൽപെട്ടത്. നേരത്തെ തന്നെ വോൾസാൻ മേഖലയിലെ സ്റ്റേഷനിൽ കിം ഉപയോഗിക്കുന്ന ട്രെയിൻ നിറുത്തിയിട്ടിരിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ യു.എസ് നിരീക്ഷ സംഘമായ 38 നോർത്ത് പുറത്ത് വിട്ടിരുന്നു.

രാജ്യത്തെങ്ങുമായി കിമ്മിന് 13 വസതികളാണ് ഉള്ളത്. അതിൽ ഏറ്റവും പ്രിയപ്പെട്ടതാണ് വോൾസാനിലെ കടലോര റിസോർട്ടെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് കാരണമാണ് കിം മാറി നിൽക്കുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ,​ ഉത്തര കൊറിയയില്‍ ഇതുവരെ ഒരാള്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

ഏപ്രിൽ 15ന്​ നടന്ന മുത്തച്ഛന്റെ ജന്മദിന വാർഷികാഘോഷത്തിൽനിന്ന്​ കിം വിട്ടുനിന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ അസുഖബാധിതനാണെന്നും മരിച്ചെന്നുമുള്ള കിംവദന്തികൾ പരന്നത്​. അദ്ദേഹത്തി​ന്​ യാതൊരു പ്രശ്​നവുമില്ലെന്നും ഏപ്രിൽ 13 മുതൽ അദ്ദേഹം രാജ്യത്തെ റിസോർട്ട്​ ടൗണായ വോൻസാനിൽ കഴിയുകയാണെന്നും ദക്ഷിണ കൊറിയൻ സുരക്ഷ ഉപദേഷ്​ടാവ്​ വ്യക്തമാക്കിയിരുന്നു.