ഇന്ത്യൻ സിനിമയ്‌ക്ക് അപരിഹാര്യങ്ങളായ നഷ്‌ടം സംഭവിച്ച രണ്ടുദിനങ്ങളാണ് ഇന്നലെയും ഇന്നും. ഇർഫാൻ ഖാൻ, ഋഷി കപൂർ എന്നീ പകരം വയ്‌ക്കാനില്ലാത്ത നായകന്മാർ മരണത്തിന് മുന്നിൽ തങ്ങളുടെ വേഷം അവസാനിപ്പിച്ച് മടങ്ങിയ ദിനങ്ങൾ. ഇർഫാന്റെ വേർപാട് നൽകിയ ഞെട്ടൽ മാറും മുമ്പേയാണ് ഋഷി കപൂറിന്റെ വിരഹവാർത്ത ഇന്ത്യൻ സിനിമയെ അഗാധമായ ദുഖത്തിൽ ആഴ്‌ത്തിയിരിക്കുന്നത്. ഋഷിയുടെ വിരഹം തന്നെ തകർത്തുകളഞ്ഞു എന്നാണ് അമിതാഭ് ബച്ചൻ ഫേസ്ബുക്കിൽ കുറിച്ചത്. മലയാളത്തിന്റെ യുവതാരം പൃഥ്വിരാജും സമാനമായ അനുഭവം തന്നെയാണ് കുറിച്ചത്.
സിനിമയെ സംബന്ധിച്ചിടത്തോളം അതീവ സങ്കടകരമായ ഒരു വാരമാണിതെന്നും, ഔറംഗ്‌സേബ് എന്ന ചിത്രത്തിൽ ഋഷി കപൂറിനൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്നും പൃഥ്വി കുറിച്ചു. മുത്തച്ഛനായ പൃഥ്വിരാജ് കപൂറിന്റെ പേരുമായി സാമ്യമുള്ളതുകൊണ്ട് ഒരിക്കലും തന്നെ പേര് പറഞ്ഞ് വിളിക്കാൻ ഋഷി കപൂർ തയ്യാറായിട്ടില്ലെന്ന് പൃഥ്വി ഓർക്കുന്നു.
മുംബയിലെ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ വച്ച് ഇന്ന് രാവിലെയാണ് ഋഷി കപൂർ അന്തരിച്ചത്. 67 വയസായിരുന്നു. അർബുദബാധിതനായിരുന്ന അദ്ദേഹം ഏറെക്കാലമായി ചികിത്സയിലായിരുന്നു.