ഏഴുപതിറ്റാണ്ട് പിന്നിടുമ്പോഴുമെൻ
ജീവിതസായൂജ്യം അക്ഷരക്കൊടിയേറ്റം
ജ്ഞാനദീപ്‌തമാനം മഴവില്ലിൻ കസവായി
കാലമൊഴുകി തിമിർക്കുന്നു നാടിൻ സിരകളിൽ
ഇല്ല വിദ്യയ്‌ക്ക് നാശമെന്നുച്ചത്തിൽ
ചൊല്ലിപഠിപ്പിച്ച കലാലയത്തിങ്കൽ
നല്ലോർമ്മ തിങ്ങി വിങ്ങും മനസിൽ
ഉല്ലേഖനം ചെയ്ത നിസ്വരാർദ്രമാനസം
നിത്യം വിജയത്തിൻ കർമ്മപഥത്തിൻ
ദുഃഖം പങ്കിടാൻ പതിരറ്റ മൊഴികളും
ഭൂതകാലത്തിന്റെ സംസ്‌കൃതിയിൽ പൂത്ത
മാനവസ്‌നേഹത്തിൻ ജീവിതവല്ലരി
കാവ്യധനുസിൽ തൂവലായ് ചിന്തകൾ
തിന്മയ്‌ക്കെതിരെ പൊരുതി ജയിച്ചിടാൻ
ആയിരം മേഘങ്ങൾ മുത്തു വർഷിച്ചൊരാ-
രവം കായൽ തിരകൾ തൻ താളവും
പുഴയലയായ് തഴുകിയ ഗ്രാമത്തിൽ
പാടങ്ങളൊക്കെയും കതിരിട്ടു നിൽക്കവെ-
നിത്യാനന്ദ നിർവൃതിയിൽ നീന്തിയ പഠനകാലം
ഓർക്കുകയാണ് ഞാൻ പിന്നിട്ട നാളുകൾ...