wedding

ഗാസിയാബാദ്:- ലോക്ഡൗൺ സമയത്ത് വീട്ടിലേക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയ യുവാവ് തിരികെയെത്തിയത് വിവാഹിതനായി. യുപിയിലെ ഗാസിയാബാദിലാണ് ഇത്തരത്തിൽ തികച്ചും നാടകീയമായ സംഭവമുണ്ടായത്. ഭാര്യയെയും കൂട്ടി വീട്ടിലേക്ക് മടങ്ങിവന്ന ഗുഡ്ഡു എന്ന 26 വയസ്സുകാരനെ പക്ഷെ തിരികെ കയറ്റാൻ അമ്മ തയ്യാറായതുമില്ല. ഇത്തരമൊരു കല്യാണം സമ്മതിച്ച് കൊടുക്കില്ലെന്നാണ് ഗുഡ്ഡുവിന്റെ അമ്മയുടെ തീരുമാനം. പോലീസിൽ മകനെതിരെ അമ്മ പരാതി നൽകുകയും ചെയ്തു.

ഹരിദ്വാറിലെ ഹിന്ദു സമാജ മന്ദിരത്തിൽ വച്ച് രണ്ട് മാസം മുൻപ് വിവാഹിതരായതാണ് ഗുഡ്ഡുവും ഭാര്യ സവിതയും. എന്നാൽ വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാൻ ലോക്ഡൗൺ കാരണം കഴിഞ്ഞില്ല. ഇതിനിടെ സവിത താമസിച്ചിരുന്ന ഡൽഹിയിലെ വാടകവീട് ലോക്ഡൗൺ സമയത്ത് ഒഴിയേണ്ടി വന്നതോടെ ഗുഡ്ഡു മറ്റ് വഴികളൊന്നും കാണാതെ ഭാര്യയെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.

വീട്ടിൽ അമ്മ തിരികെ കയറ്റില്ലെന്ന് ഏതാണ്ട് ഉറപ്പായതോടെ സവിത ഡൽഹിയിൽ താമസിച്ചിരുന്ന വാടകവീടിന്റെ ഉടമയോട് ഇരുവരെയും തൽക്കാലം അവിടെ താമസിപ്പിക്കാൻ സഹീബാബാദ് പോലീസ് ആവശ്യപ്പെട്ടു. തുടർന്നാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്.