ജെനീവ: ലോകത്ത് നിലവിലുള്ള തൊഴിലാളികളിൽ പകുതിയോളം പേർക്ക് ഈ വർഷം രണ്ടാം പകുതിയോടെ ജോലി നഷ്ടമാകുമെന്ന് ഐക്യരാഷ്ട്രസഭാ ഏജൻസിയായ അന്താരാഷ്ട്ര തൊഴിൽ സംഘടന(ഐ.എൽ.ഒ). ബുധനാഴ്ച സംഘടന പുറത്തിറക്കിയ അറിയിപ്പിലാണ് ഈ വിവരമുള്ളത്.
അസംഘടിത മേഘലാ തൊഴിലാളികൾക്കാണ് ആദ്യം തന്നെ തൊഴിൽ ഇല്ലാതെയാകുക.1.6 ബില്യൺ ജനങ്ങളെയാണ് ഇത്തരത്തിൽ കൊവിഡ് പ്രതിസന്ധി ബാധിക്കുക. പ്രവൃത്തി സമയം കുത്തനെ കുറഞ്ഞതോടെ വളരെ പെട്ടെന്ന് തന്നെ ജനങ്ങൾക്ക് തൊഴിൽ നഷ്ടമുണ്ടാകുമെന്ന് ഉറപ്പാണ്.
ലോകമാകെ 3.3 ബില്യൺ പേരാണ് വിവിധ മേഘലകളിൽ തൊഴിൽ ചെയ്ത് ജീവിക്കുന്നത് എന്നാണ് അന്താരാഷ്ട്ര തൊഴിൽ സംഘടന നൽകുന്ന കണക്ക്. ഇതിൽ രണ്ട് ബില്യൺ ജനങ്ങൾക്കെങ്കിലും പ്രാഥമികമായ കൊവിഡ് സുരക്ഷാ സംവിധാനമോ, അവരവരുടെ വീട്ടിലിരുന്ന് ജോലി ചെയ്യാനോ, നിലവിലുള്ള ജോലി നഷ്ടപ്പെട്ടാൽ മറ്റൊരു വരുമാനത്തിനോ വഴിയില്ലെന്നത് വരുംനാളുകളിൽ വൻ പ്രതിസന്ധിയാണ് ലോകത്തെ കാത്തിരിക്കുന്നതെന്ന് സൂചിപ്പിക്കുന്നതാണ്.