മംഗളുരു : കോടികളുടെ കടബാധ്യതയെ തുടർന്ന് കമ്പനികളുടെയും ബന്ധമുള്ളവരുടെയും ബാങ്ക് അക്കൗണ്ടുകൾ യുഎഇ സെൻട്രൽ ബാങ്ക് മരവിപ്പിക്കാൻ ഉത്തരവിട്ടതിനു പിറകെ തന്റെ കമ്പനിയിലെ ഒരുകൂട്ടം ജീവനക്കാർക്കെതിരെ ആരോപണങ്ങളുമായി കർണാടകയിലെ ഉടുപ്പി സ്വദേശിയുംപ്രമുഖ വ്യവസായിയുമായ ബി.ആർ.ഷെട്ടി.
എൻ.എം.സി ഹെൽത്ത്കെയർ ഗ്രൂപ്പ്, യു.എ.ഇ എക്സ്ചേഞ്ച് എന്നിങ്ങനെ നിരവധി കമ്പനികളുടെ ഉടമയായ ഷെട്ടി ബുധനാഴ്ച പുറത്തിറക്കിയ രണ്ട് പേജുള്ള കുറിപ്പിലാണ് താൻ നിരപരാധിയാണെന്നും തന്റെ കമ്പനിയിലെ ചിലർ കാരണമാണ് കുഴപ്പമുണ്ടായതെന്നും ആരോപിക്കുന്നത്. 6.6 ബില്യൺ ഡോളർ കടമാണ് എൻ.എം.സിയ്ക്കുള്ളതെന്ന വിവരം അടുത്തിടെ പുറത്ത് വന്നിരുന്നു.
'എന്റെ വിശ്വസ്തരും ഞാനും നടത്തിയ അന്വേഷണത്തിൽ എൻ.എം.സിയിലും മറ്റ് കമ്പനിയിലും ജോലി ചെയ്തിരുന്നവരും ഇപ്പോൾ ജോലി ചെയ്യുന്നവരുമായ ഒരു ചെറു വിഭാഗം ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഇവർ എന്റെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുകയും, ലോണുകൾ കരസ്ഥമാക്കലും വ്യാജ ഒപ്പ് ഉപയോഗിച്ച് പണം കൈമാറ്റവുമെല്ലാം നടത്തിയിട്ടുണ്ട്. ഇവർക്കെതിരെ അബുദാബി ഫെഡറൽ കോടതിയിൽ പരാതി നൽകി. കഴിഞ്ഞ ഫെബ്രുവരി 16ന് എൻഎംസിയിലെ ഭരണപരമായ പദവികളെല്ലാം ഞാൻ ഒഴിഞ്ഞതാണ്.' ഷെട്ടി പറഞ്ഞു.
കഴിഞ്ഞ 45 വർഷമായി യുഎഇയുമായുള്ള വ്യാപാര ബന്ധത്തിനും അതിന് സഹായമായി നിൽക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഷെട്ടി തന്റെ കുറിപ്പിൽ നന്ദി രേഖപ്പെടുത്തിയിട്ടുമുണ്ട്. യുകെയിലും യുഎഇയിലുമുള്ള കമ്പനിയുടെ ഓഹരി ഉടമകളോട് അവരുടെ വിശ്വാസം കാക്കുമെന്നും ഷെട്ടി അറിയിച്ചിട്ടുണ്ട്.