1. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസത്തേക്ക് മാറ്റിവയ്ക്കാന്‍ അനുമതി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സിന് ഇന്നലെ ആണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. സാലറി കട്ടില്‍ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തതോടെ ആണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വൈകില്ല. നാലാം തീയതി മുതല്‍ ശമ്പളം നല്‍കും. 6 ദിവസത്തെ ശമ്പളം മാറ്റി വച്ചായിരിക്കും ശമ്പളം വിതരണം ചെയ്യുക. അതേസമയം, വാര്‍ഡ് വിഭജനം കൂടാതെ തിരഞ്ഞെടുപ്പ് നടത്താനുള്ള ഓര്‍ഡിനന്‍സിലും ഗവര്‍ണര്‍ ഒപ്പിട്ടു.
2. പ്രമുഖ ബോളിവുഡ് താരം ഋഷികപൂര്‍ അന്തരിച്ചു. അന്ത്യം മുംബയിലെ സ്വകാര്യ ആശുപത്രിയില്‍. 67 വയസായിരുന്നു. രണ്ട് വര്‍ഷത്തോളം ആയി കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയില്‍ ആയിരുന്നു. മരണ സമയത്ത് ഭാര്യ നീതു കപൂര്‍ ഒപ്പമുണ്ടായിരുന്നു. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതോടെ ആണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ടോടെ നില അതീവ ഗുരുതരം ആവുക ആയിരുന്നു. 2018ല്‍ കാന്‍സര്‍ സ്ഥിരീകരിച്ച ഇദ്ദേഹം ഒരു വര്‍ഷത്തോളം അമേരിക്കയില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ ആണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്.
3. രാജ് കപൂറിന്റെ രണ്ടാമത്തെ മകനായ ഋഷി കപൂര്‍, മേരാ നാം ജോക്കറില്‍ ബാലതാരം ആയാണ് ബോളിവുഡില്‍ അരങ്ങേറുന്നത്. 1973 ല്‍ ബോബി എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. തുടര്‍ന്ന് നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടു. അമര്‍ അക്ബര്‍ ആന്റണി, ലൈല മജ്നു, സര്‍ഗം, ബോല്‍ രാധാ ബോല്‍, റാഫൂ ചക്കര്‍ തുടങ്ങിയ ചിത്രങ്ങളിലെ ഋഷി കപൂറിന്റെ പ്രണയ ഭാവങ്ങള്‍ ആരാധകരുടെ മനം നിറച്ചതാണ്. സംവിധായകന്‍, നിര്‍മ്മാതാവ് എന്ന നിലകളിലും ശ്രദ്ധേയനായി. ദി ബോഡി എന്ന വെബ് സീരീസിലാണ് അവസാനമായി അഭിനയിച്ചത്. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. അമിതാഭ് ബച്ചനാണ് ട്വിറ്ററിലൂടെ ഋഷി കപൂറിന്റെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്. വിഖ്യാത നടന്റെ നിര്യാണത്തില്‍ സിനിമ, രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി. നടന്‍ റണ്‍ബീര്‍ കപൂര്‍ മകനാണ്.
4. പുതുതായി രണ്ട് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കും. നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിക്കും. നെയ്യാറ്റിന്‍കര, പാറശ്ശാല, വെള്ളടറ എന്നിവടങ്ങളില്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ 12 വരെയാക്കി നിജപ്പെടുത്തി. മാദ്ധ്യമ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിതോടെ കാസര്‍കോട് ജില്ലാ കളക്ടര്‍ സജിത് ബാബു സ്വയം നിരീക്ഷണത്തില്‍ പോയി. കോവിഡ് 19 സ്ഥിരീകരിച്ച മാദ്ധ്യമ പ്രവര്‍ത്തകന്‍ കളക്ടറുടെ അഭിമുഖം എടുത്തിരുന്നു. ഇതോടെ ആണ് കളക്ടറും ഡ്രൈവറും ഗണ്‍മാനും നിരീക്ഷണത്തില്‍ പോയത്. ജില്ലയില്‍ മറ്റൊരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയെ കൂടി റെഡ് സ്‌പോട്ടായി പ്രഖ്യാപിച്ചേക്കും.
5. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒന്‍പതു വയസുകാരനും അടക്കം ആറു പേര്‍ക്കാണ് ഇന്നലെ മാത്രം കൊല്ലത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. പുതുതായി രോഗം കണ്ടെത്തിയവര്‍ അടക്കം 15 പേരാണ് കൊല്ലത്ത് ഉള്ളത്. അതിനിടെ, സമൂഹവ്യാപന ഭീതി ഒഴിയാതെ കോട്ടയം ജില്ല. ഇന്നലെ വന്ന 209 ഫലങ്ങളും നെഗറ്റീവ് ആയെങ്കിലും രോഗലക്ഷണങ്ങള്‍ ഉള്ള കൂടുതല്‍ പേരുടെ പരിശോധന ഫലങ്ങള്‍ വരാന്‍ ഇരിക്കുന്നതേ ഉള്ളു. ഇനിയുള്ള ദിവസങ്ങള്‍ കോട്ടയത്തിന് നിര്‍ണ്ണായകം ആണ്. നിയന്ത്രണങ്ങളും ശക്തമാക്കിയിട്ട് ഉണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള 201 പേരുടേയും രോഗ ലക്ഷണങ്ങള്‍ ഉള്ള എട്ട് പേരുടേയും സാമ്പിളുകളുടെ പരശോധന ഫലമാണ് ഇന്നലെ നെഗറ്റീവായത്. ഇത് വലിയ ആശ്വാസം നല്കുന്നുണ്ട് എങ്കിലും സമൂഹ വ്യാപന ഭീതി ഇതുവരെ മാറിയിട്ടില്ല.
6. ആഗോള മഹാമാരി കൊവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 2,27,247 ആയി ഉയര്‍ന്നു. അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,502 പേര്‍ക്കാണ് വൈറസ് ബാധയില്‍ ജീവന്‍ നഷ്ടമായത്. ഇന്നലെ മാത്രം 28,429 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,47,411 പേര്‍ സുഖംപ്രാപിച്ചു. ന്യൂയോര്‍ക്കില്‍ ആണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 61,000 കടന്നു. ബ്രിട്ടണിലും മരണസംഖ്യ ഉയരുകയാണ്. 24 മണിക്കൂറിന് ഉള്ളില്‍ 795 ജീവനുകള്‍ നഷ്ടമായി. മരണസംഖ്യ 26,097 ആയി ഉയര്‍ന്നു. പ്രതിദിനം ശരാശരി 900ത്തില്‍ ഏറെ പേരാണ് ബ്രിട്ടനില്‍ മരിച്ചത്.
7. കഴിഞ്ഞ രണ്ടു ദിവസമായി മരണനിരക്ക് 500 മുതല്‍ 600 ലേക്ക് താഴ്‌ന്നെങ്കിലും വൈറസ് വ്യാപനം ഉടനെയൊന്നും നിയന്ത്രണ വിധേയം ആകില്ലെന്നാണ് ആരോഗ്യവിഭാഗം പറയുന്നത്. സ്‌പെയ്ന്‍, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ബുധനാഴ്ച മരണനിരക്ക് 500ല്‍ താഴെയായി കുറഞ്ഞു. 2.3 ലക്ഷം പേര്‍ക്ക് രോഗം പിടിപെട്ട ഇറ്റലിയില്‍ മരണം 27,682 ആയി. സ്‌പെയ്നില്‍ 24,275 പേരും ഇതുവരെ മരിച്ചു. ഫ്രാന്‍സില്‍ മരണസംഖ്യ 24,000 കടന്നു. ബെല്‍ജിയത്തില്‍ 7,501 പേരും ജര്‍മനിയില്‍ 6,467 പേരും മരണത്തിന് കീഴടങ്ങി. ഇറാനില്‍ മരണം ആറായിരത്തോട് അടുക്കുന്നു. ബ്രസീലില്‍ മരണം 5,500 പിന്നിട്ടു.
8. മെയ് നാല് മുതല്‍ അടച്ചുപൂട്ടല്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് ഉണ്ടാകും എന്ന് ആഭ്യന്തര മന്ത്രാലയം. പുതിയ മാര്‍ഗ നിര്‍ദേശം മെയ് നാല് മുതല്‍ പ്രാബല്യത്തില്‍ വരും. ആഭ്യന്തര മന്ത്രാലയത്തില്‍ ചേര്‍ന്ന അടച്ചുപൂട്ടല്‍ അവലോകന യോഗത്തിന് ശേഷമാണ് ആഭ്യന്തര മന്ത്രാലയ വക്താവിന്റെ പ്രതികരണം. കോവിഡ് പ്രതിരോധത്തിന് ഉള്ള പുതിയ മാര്‍ഗ നിര്‍ദേശം മെയ് നാലിന് പ്രാബല്യത്തില്‍ വരും. നിരവധി ജില്ലകള്‍ക്ക് കൂടുതല്‍ ഇളവ് ഉണ്ടാകും. ഇതു സംബന്ധിച്ച അറിയിപ്പ് വരും ദിവസങ്ങളില്‍ ഉണ്ടാകും എന്നും ആഭ്യന്തര മന്ത്രാലയ വക്താവ്. ഇതുവരെ തുടര്‍ന്ന അടച്ചുപൂട്ടല്‍ ഫലപ്രദമായിരുന്നു എന്നും അതു ഉണ്ടാക്കിയ നേട്ടം നഷ്ടപ്പെടുത്താതെ തുടര്‍നീക്കം ആവശ്യം ആണെന്നും യോഗം വിലയിരുത്തി. അടച്ചുപൂട്ടല്‍ നിലവിലെ രീതിയില്‍ നീട്ടുന്നതും ആയി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല എന്നാണ് വിവരം. ഹരിത മേഖലകളില്‍ ഇളവു നല്‍കാമെന്നും ഹോട്ട് സ്‌പോട്ടുകളില്‍ നിയന്ത്രണങ്ങള്‍ തുടരാം എന്നുമാണ് പൊതുധാരണ.