joy-arackal

ദുബായ്:- പ്രമുഖ ഇന്ത്യൻ വ്യവസായിയും ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമയുമായ ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പൊലീസ് സ്ഥിരീകരിച്ചു. സുഹൃത്തിന്റെ കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്ന് താഴേക്ക് വീണാണ് ജോയിയുടെ മരണം എന്ന് ബർദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ അബ്ദുള്ള ഖാദിം ബിൻ സറൂർ അറിയിച്ചു. സംഭവത്തിന് പിന്നിൽ എന്തെങ്കിലും ഗൂഢാലോചന ഉണ്ടെന്ന വാദം പൊലീസ് തള്ളിക്കളഞ്ഞു.

ജോയ് അറക്കലിന്റെ മൃതദേഹം മാനന്തവാടിയിലെ വീട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ദുബായിയിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ അറിയിച്ചു. കേരളത്തിലെ ഏറ്റവും വലിയ വീടാണ് 45000 ചതുരശ്ര അടിയുള്ള ജോയിയുടെ മാനന്തവാടിയിലെ വീട്. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ജോയി അറക്കലിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഈയിടെ ദുബായിൽ നടന്ന ചടങ്ങിൽ ആദരിച്ചിരുന്നു.

പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ജോയിയുടെ മൃതദേഹത്തെ അനുഗമിച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഉണ്ടാകും. ഇന്ത്യൻ അധികൃതർ അനുമതി നൽകിക്കഴിഞ്ഞു. യുഎഇ അധികൃതരുടെ അനുമതി ലഭിച്ചാലുടൻ മൃതദേഹം ബംഗളുരുവിലേക്ക് കൊണ്ടുപോകും. തുടർന്ന് നാട്ടിലെത്തിക്കും. എം.കെ രാഘവൻ എംപിയും എലൈറ്റ് ഗ്രൂപ് ഉടമ ഹരികുമാറും അനുമതി നേടാൻ എല്ലാ സഹായവും നൽകി.

നാട്ടിലെത്തിയ ശേഷം ക്വാറന്റൈൻ വ്യവസ്ഥകൾ പാലിച്ചാകും ജോയി അറയ്ക്കലിന്റെ സംസ്കാരം. പാവങ്ങൾക്ക് ഭവന സഹായവും വിവാഹങ്ങളും മറ്റും നടത്തി നൽകി നാടിനെ സ്നേഹിച്ച ജോയിയുടെ മരണം അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും നാടിനും വലിയ ആഘാതം തന്നെ ഏൽപ്പിച്ചിട്ടുണ്ട്.