കോട്ടയം: കൊവിഡ് 19 എന്ന മഹാമാരി മനുഷ്യജീവിതത്തിന്റെ സമസ്ഥ മേഖലയെയും ബാധിച്ചു കഴിഞ്ഞു. ലോക്ക്ഡൗൺ നിയന്ത്രങ്ങൾ ഏറ്റവുമധികം ദുഖത്തിലാഴ്‌ത്തിയിരിക്കുന്ന ഒരു വിഭാഗം കർഷകർ തന്നെയാണെന്ന് നിസംശയം പറയാം. കൊയ്‌ത്തു മുടങ്ങിയ പാടങ്ങളിൽ വേനൽമഴകൂടി പെയ്‌തിറങ്ങിയപ്പോൾ കർഷകർക്ക് ഉണ്ടായിരിക്കുന്നത് ലക്ഷങ്ങളുടെ നഷ്‌ടമാണ്. വിഷു വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത നെല്ല്, പച്ചക്കറി, ഏത്തയ്ക്ക, കിഴങ്ങു വർഗങ്ങൾ എന്നിവ ഉൾപ്പെടെ 8.64 ടൺ കാർഷികോൽപന്നങ്ങളാണ് ഇത്തവണ ലോക്ക്ഡൗൺ കാരണം വിളവെടുക്കാൻ കഴിയാതെ പോയത്. ഈ രംഗത്ത് മാത്രം രണ്ടു കോടി രൂപയുടെ ഏകദേശ നഷ്‌ടം ഉണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിളവെടുത്ത കാർഷികോൽപന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ പോയതു വഴിയും തീരെ കുറഞ്ഞ വിലയ്‌ക്ക് വിൽക്കേണ്ടി വന്നതിലൂടെയും 1.67 കോടി രൂപയുടെ നഷ്‌ടവും കർഷകർക്ക് നേരിട്ടിട്ടുണ്ട്.
കോട്ടയം കൊടിമത മാർക്കറ്റിലെ വാഴക്കുല കച്ചവടക്കാരനായ രവിയുടെ കാര്യം തന്നെയെടുക്കാം. മാർക്കറ്റിലെ തൊഴിലാളികളിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാർക്കറ്റ് അടച്ചിട്ടിരുന്നു. തുടർന്ന് കടകളിലും മറ്റും സൂക്ഷിച്ചിരുന്ന പച്ചക്കറികളടക്കമുളളവ മാറ്റുന്നതിനായി ജില്ലാ ഭരണകൂടം അനുമതി നൽകി. എന്നാൽ കടയിൽ നിന്ന് മാറ്റാൻ കഴിഞ്ഞത് അഴുകി നശിച്ച പഴക്കുലകളായിരുന്നു. രണ്ട് ലക്ഷത്തോളം രൂപ തനിക്ക് നഷ്‌ടം വന്നിട്ടുള്ളതായി രവി പറയുന്നു. അദ്ദേഹത്തിന്റെ മാത്രമല്ല മറ്റുപല വ്യാപാരികളുടെയും, അവർക്ക് സാധനം എത്തിച്ചു നൽകുന്ന കർഷകരുടെയും കാര്യം ഇങ്ങനെ തന്നെയാണ്.
പത്ത് മാസത്തോളം മണ്ണിൽ അദ്ധ്വാനിച്ച് കഴിഞ്ഞതിന്റെ ഫലമായി വിളഞ്ഞ വാഴക്കുലകളാണ് ഒരാഴ്‌ച കൊണ്ട് അഴുകി നശിച്ചത്. പലരും പാട്ടത്തിന് ഭൂമി എടുത്തും, ബാങ്കിൽ നിന്ന് വായ്‌പ ലഭ്യമാക്കിയും കൃഷിക്കിറങ്ങിയവർ. ലോക്ക്ഡൗൺകാലത്ത് വിളവെടുപ്പും മെച്ചപ്പെട്ട വിപണനവും മുടങ്ങിയതോടെ ഭൂരിഭാഗം കർഷക സംഘങ്ങൾക്കും സാമ്പത്തിക ബാധ്യത നേരിടേണ്ടി വന്നിരിക്കുകയാണ്. വിളവെടുത്തതു പോലും വിറ്റഴിക്കാനാകാതെ നശിച്ചുപോകുന്ന അവസ്ഥ.
നഷ്‌ടങ്ങളുടെ കണക്കുകൾ മാത്രം പറയാൻ കഴിയുന്നതിനിടയിലും തങ്ങളാൽ ആകുന്നവിധം നാടിനെ കൈപിടിച്ചുയർത്താൻ സന്നദ്ധരാണ് ഇവരിൽ പലരും. പ്രധാനമന്ത്രിയുടെയും, മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധികളിലേക്ക് അഭിമാനപൂർവമാണ് ഓരോരുത്തരും സംഭാവന നൽകുന്നത്. ഒരു പക്ഷേ സംഭാവനത്തുക ചെറുതായിരിക്കാം, എന്നാൽ അതിലെ അദ്ധ്വാനത്തിന്റെ മൂല്യം ഏറെ വലുതാണെന്നതിൽ സംശയമില്ല.