bobby

മുംബയ്:കലയിലും സൗന്ദര്യത്തിലും പൃഥ്വിരാജ് കപൂർ കുടുംബത്തിന്റെ ഐതിഹാസിക പാരമ്പര്യവുമായി ബോളിവുഡ് സിനിമയെ പതിറ്റാണ്ടുകളോളം പ്രണയഭാവങ്ങളിൽ കെട്ടിയിട്ട റൊമാന്റിക് ഹീറോയാണ് ഋഷി കപൂറിന്റെ വിയോഗത്തിലൂടെ ഓർമ്മകളിലേക്ക് പിൻവാങ്ങുന്നത്.

47 വർഷം മുമ്പ് മുമ്പ് ഋഷി കപൂർ നായകനായും ഡിമ്പിൾ കപാഡിയ നായികയായും അരങ്ങേറിയ ബോബി എന്ന സൂപ്പർ ഹിറ്റ് സിനിമ ഇന്ത്യൻ യൗവനത്തിന്റെ പ്രണയ സ്വപ്നങ്ങളുടെ പൂക്കാലമായി. നായികയായ ഡിമ്പിൾ കപാഡിയയേക്കാൾ സൗന്ദര്യം ഋഷി കപൂറിനാണെന്ന് അന്നത്തെ പെൺകുട്ടികൾ അടക്കം പറഞ്ഞിരുന്നു. യൗവനത്തിന്റെ തീക്ഷ്ണതയും പ്രണയത്തിന്റെ കാതര ഭാവങ്ങളുമായി ഇരുവരും നിറഞ്ഞഭിനയിച്ച ''ഹം തും ഏക് കമ്‌രേ മേം ബന്ദ് ഹോ..." എന്ന ഗാനം പ്രണയ മിഥുനങ്ങളെ ഏറെക്കാലം 'ലോക്ക് ഡൗൺ' ചെയ്‌തിരുന്നു. ഞാനും നീയും ഒരു മുറിക്കുള്ളിൽ അടയ്ക്കപ്പെട്ട് താക്കോൽ കാണാതായാൽ എന്തു ചെയ്യും....വരികൾ കൊണ്ടും സംഗീതം കൊണ്ടും ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ഹിറ്റായ പ്രണയ ഗാനങ്ങളിൽ ഒന്നാണത്. കാട്ടിൽ അകപ്പെട്ട് മുന്നിൽ സിംഹം വന്നാൽ എന്ത് ചെയ്യുമെന്ന് പാട്ടിലെ ഒരു ചോദ്യത്തിന് മറുപടിയായി ഡിമ്പിൾ കപാഡിയ ഉടുത്തിരുന്ന ചേല അഴിച്ചെറിഞ്ഞിട്ട് 'സിംഹ'ത്തിന് മുന്നിൽ മുട്ടുകാലിൽ കുത്തിയിരിക്കുന്ന രംഗം ഇന്നും ഒരു പൊട്ടിച്ചിരിക്കുള്ള വകയാണ് (പാട്ടിൽ സിംഹമാണെങ്കിലും ദൃശ്യത്തിൽ കടുവയാണെന്നത് മറ്റൊരു കൗതുകം).​

ഹിന്ദി സിനിമയിലെ ഭീ‌ക്ഷ്‌മാചാര്യനായ രാജ്കപൂർ 20 വയസു മാത്രമുള്ള മകനെ നായകനാക്കി അവതരിപ്പിക്കുകയായിരുന്നു ബോബിയിൽ. നിർമ്മാണവും സംവിധാനവും രാജ് കപൂർ. തിരക്കഥ കെ.എ. അബ്ബാസ്. ആവാര എന്ന ക്ലാസിക് സിനിമ രാജ്കപൂറിനെ താരമാക്കിയതുപോലെ ബോബി ഋഷികപൂറിനെയും താരമാക്കി. ഇന്ത്യൻ യുവത്വത്തിന്റെ പ്രണയത്തുടിപ്പാക്കി. മികച്ച ഡാൻസറുമായ ഋഷികപൂർ സിനിമയിലെ ഏറ്റവും ഡിമാൻഡുള്ള റൊമാന്റിക് ഹീറോ ആയി.

മകന്റെ നായികയായ ബോബി എന്ന കഥാപാത്രത്തിന് പുതിയ നടി തന്നെ വേണമെന്ന് രാജ്കപൂറിന് നിർബന്ധമായിരുന്നു. ഡിമ്പിൾ കപാഡിയയെയും നീതു സിംഗിനെയും ഓഡിഷൻ നടത്തി. ഡിമ്പിളിനാണ് നറുക്ക് വീണത്. അത് ഡിമ്പിളിനെയും താരമാക്കി. രാജ്കപൂർ അവതരിപ്പിച്ച എല്ലാ നായികമാരുടെയും അംഗലാവണ്യം വെള്ളിത്തിരയെ കോരിത്തരിപ്പിച്ചിട്ടുണ്ട്. ബോബിയിൽ ഡിമ്പിൾ കപാഡിയയുടെ ആ ഓറഞ്ച് ബിക്കിനിയും പ്രശസ്തം. ഋഷി കപൂറിനെ പോലെ ഡിമ്പിളും പിൽക്കാലത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളുടെ നിരയിലെത്തി.

ജീവിതത്തിലും ഋഷികപൂർ പ്രണയ നായകനായിരുന്നു. പല സിനിമകളിലും തന്റെ നായികയായ നീതു സിംഗുമായുള്ള പ്രണയം ബോളിവുഡിലെ നീണ്ട പ്രണയഗാഥകളിലൊന്നാണ്. 1980 അവർ‌ വിവാഹിതരായി.

പിൽക്കാലത്ത് ഇന്ത്യൻ സിനിമയിൽ ബോബി പ്രമേയപരമായി അനുകരിക്കപ്പെട്ടു. ഒരു പ്രണയ സിനിമ മാത്രമായല്ല രാജ്കപൂർ ബോബി വിഭാവനം ചെയ്‌തത്. സമ്പന്ന യുവാവും അന്യജാതിയിലെ ദരിദ്ര യുവതിയും തമ്മിലുള്ള പ്രണയവും,​ അതിനോടുള്ള എതിർപ്പും പ്രതിബന്ധങ്ങളും ഒടുവിൽ എല്ലാം തരണം ചെയ്‌ത് മാതാപിതാക്കളുടെ അനുഗ്രഹാശസുകളോടെ ഇരുവരും ഒന്നിക്കുന്നതും. സംഗീതവും മെലോഡ്രാമയുമെല്ലാം ചേരുംപടി ചേർത്താണ് രാജ്കപൂർ ബോബിയെ അണിയിച്ചൊരുക്കിയത്. സമ്പന്ന - ദരിദ്ര - മറുജാതി പ്രണയം ഹിന്ദി സിനിമയുടെ ഇഷ്ട വിഭവമാക്കിയതിൽ ബോബിയുടെ പങ്ക് ചെറുതല്ല.

മനോഹരമായ ഒരു സംഗീത വിരുന്ന് കൂടിയായിരുന്നു ബോബി. ലക്ഷ്മീകാന്ത് - പ്യാരേലാൽ സംഗീതം നൽകിയ എട്ട് ഗാനങ്ങൾ. ഹം തും ഏക് കമ്‌രേ മേം....,​മെഷായർ തോ നഹീം....,​ ഝൂട്ട് ബോലെ കൗവാ കാട്ടേ....,​ബേഷക്....മന്ദിർ....മസ്ജിദ്....,​മുഝെ കുച്ച് കെഹ്‌നാ ഹേ ....,​ അഖിയോം കൊ രഹനേ ദോ....തുടങ്ങിയ ഗാനങ്ങൾ അനശ്വരം. പാടിയത് ലതാ മങ്കേഷ്കറും മന്നാഡേയും ശൈലേന്ദ്ര സിംഗും.


ബോബിയുടെ ബോക്സ് ഓഫീസ് റെക്കാഡുകൾ.
1973ൽ ഏറ്റവും കൂടുതൽ കളക്‌ഷൻ നേടിയ സിനിമ - 30കോടി രൂപ.

 ഷോലെ കഴിഞ്ഞാൽ എഴുപതുകളിൽ ഏറ്റവും കളക്‌ഷൻ നേടിയ ചിത്രം

അന്നത്തെ സോവിയറ്റ് യൂണിയനിൽ ഏറ്റവും കളക്‌ഷൻ നേടിയ സിനിമ

സോവിയറ്റ് യൂണിയനിൽ 6.26 കോടി ആളുകളാണ് ബോബി കണ്ടത്

എക്കാലത്തെയും ഹിറ്റായ ഇരുപത് ഇന്ത്യൻ ചിത്രങ്ങളിൽ ഒന്ന്