b-iqbal

കോട്ടയം: ലോക്ക്‌ ഡൗണിൽ വീട്ടിൽ ഇരിക്കുന്നവരെ തബലയുടെ മാന്ത്രികലോകത്തേക്ക് വിളിക്കുകയാണ് ഡോ.ഇക്ബാൽ. 'പാഠക്കൈ' എന്ന പേരിൽ കഴിഞ്ഞ ദിവസം അദ്ദേഹം തുടങ്ങിയ ഓൺലൈൻ പാഠ്യപദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഫേസ് ബുക്കിൽ ബുധനാഴ്ച രാവിലെ ഏഴുമണിയോടെ ആദ്യ പാഠത്തിന്റെ പോസ്റ്റിട്ട് ഒരു മണിക്കൂറിനുള്ളിൽ ആയിരത്തിലേറേപ്പേർ കണ്ടു. നൂറോളം പേർ ഷെയർചെയ്തു. തബല എന്തെന്ന് സാധാരണക്കാരെ പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിതെന്ന് പ്ലാനിംഗ് ബോർഡ് അംഗമായ ഡോ.ബി. ഇക്ബാൽ പറഞ്ഞു.

തബലയിൽ ഉപയോഗിക്കുന്ന അക്ഷരങ്ങൾ, താളങ്ങൾ തുടങ്ങി 15 മിനിട്ടു വരെ നീളുന്ന 10 പാഠ്യപദ്ധതിയാണ് ആവിഷ്കരിക്കുന്നത്. സിനിമാപാട്ടുകളിൽ ഉപയോഗിച്ച രാഗങ്ങൾ മിക്കവർക്കും അറിയാം. താളമറിയില്ല. താളം എങ്ങനെ പ്രമുഖ സംഗീത സംവിധായകർ വ്യത്യസ്തമായി ഉപയോഗിച്ചുവെന്ന് കാണിച്ച് താളാത്മകമായ ആസ്വാദന ശേഷി കൂടി പാഠ്യപദ്ധതിയിലൂടെ വളർത്താനാണ് ശ്രമം. ക്ലാസുകൾക്കൊടുവിൽ കൊവിഡ് നിയന്ത്രണത്തിന് ശരീര ദൂരവും സാമൂഹ്യ ഐക്യവും പാലിക്കണമെന്ന ഉപദേശവുമുണ്ട്. ഉത്തരേന്ത്യൻ താളവാദ്യമായ തബല അടിക്കുകയല്ല വായിക്കുകയാണ്. ഓർഗനും പഠിക്കുന്നുണ്ട്. ഒരു ദിവസം കീബോർഡ് ക്ലാസും ഉദ്ദേശിക്കുന്നു.

ന്യൂറോ സർജൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് ആദ്യകാല സാരഥി, മരുന്ന് മാഫിയയ്ക്കെതിരെ പോരാടിയ ഡോക്ടർ, കേരള സർവകലാശാലാ വൈസ് ചാൻസലർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ നിറഞ്ഞുനിന്ന ഡോക്ടറുടെ പുതിയ മുഖം കണ്ട് നിരവധി പ്രമുഖരുൾപ്പെടെ അഭിനന്ദനം ചൊരിയുകയാണ്.

''ഉസ്താദ് അല്ലാ രഖയുടെ ജന്മശതാബ്ദി വർഷത്തിലാണ് തബലയുടെ ആദ്യ പാഠങ്ങൾ പഠിപ്പിക്കണമെന്ന് തോന്നിയത്. മാനസിക സംഘർഷം ലഘൂകരിക്കാൻ സംഗീതം നല്ല മരുന്നാണ്. 82ലാണ് തബല പഠനം തുടങ്ങിയത്. യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയിലെ ജോർജു സാറായിരുന്നു ഗുരു. അവസാനം ഡോ. രത്നശ്രീ അയ്യരിൽ നിന്നു വരെ പാഠങ്ങൾ പഠിച്ചു.

- ഡോ.ബി. ഇക്ബാൽ