garment

തൃശൂ‌ർ: ലോക്ക്ഡൗണിൽ തൊഴിൽ നഷ്‌ടപ്പെട്ട, ഇ.എസ്.ഐ പദ്ധതിയിൽ ഇൻഷ്വർ ചെയ്‌തിട്ടുള്ള തൊഴിലാളികൾക്ക് തൊഴിലില്ലായ്‌മ ബത്ത നൽകാൻ കേന്ദ്രസർക്കാർ‌ ഇ.എസ്.ഐ കോർപ്പറേഷന് കീഴിലുള്ള 91,000 കോടി രൂപയുടെ കരുതൽ ധനം പ്രയോജനപ്പെടുത്തണമെന്ന് കേരള ടെക്‌സ്‌റ്റൈൽ ആൻഡ് ഗാർമെന്റ്‌സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു.

ലോക്ക്ഡൗണിൽ താത്കാലിക ജീവനക്കാർക്കടക്കം മുഴുവൻ വേതനവും തൊഴിലുടമ നൽകണമെന്ന നിർദേശം അപ്രായോഗികമാണ്. രണ്ടു പ്രളയങ്ങളെ നേരിട്ട് പ്രതിസന്ധിയിലായ വ്യാപാര-വ്യവസായ മേഖല കൊവിഡിൽ തകർന്നാൽ, അത് വലിയ ദുരന്തമാകും. തൊഴിൽ നഷ്‌ടമായവർക്ക് ഇ.എസ്.ഐ നിയമപ്രകാരമുള്ള രാജീവ് ഗാന്ധി ശ്രമിക് കല്യാൺ യോജന പ്രകാരം വേതനത്തിന്റെ 50 ശതമാനം, അടൽ ബീമിത് വ്യക്തികല്യാൺ യോജന പ്രകാരം വേതനത്തിന്റെ 25 ശതമാനം എന്നിങ്ങനെ നിരക്കിൽ തൊഴിലില്ലായ്‌മ ബത്തയ്ക്ക് അർഹതയുണ്ട്.

വ്യാപാരി-വ്യവസായികളെ സഹായിക്കാൻ ഇ.പി.എഫിൽ പ്രഖ്യാപിച്ച ഇളവ് 10 ശതമാനം കമ്പനികൾക്കുപോലും ലഭ്യമല്ല. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് 12 മാസത്തേക്ക് സ്ഥാപനങ്ങളെ ഇ.പി.എഫ് ബാദ്ധ്യതയിൽ നിന്ന് ഒഴിവാക്കിയാൽ കമ്പനികൾക്കും തൊഴിലാളികൾക്കും ആശ്വാസമാകും. കൊവിഡ് സൃഷ്‌ടിച്ച ആഘാതത്തിൽ നിന്ന് കരകയറാൻ കേരളത്തെ, ഉപഭോക്തൃ സംസ്ഥാനമെന്നതിൽ നിന്ന് ഉത്‌പാദക സംസ്ഥാനമായി മാറ്റേണ്ടതുണ്ടെന്നും അസോസിയേഷൻ പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ, ജനറൽ സെക്രട്ടറി കെ. കൃഷ്‌ണൻ എന്നിവർ പറഞ്ഞു.