സൂറിച്ച് : കൊവിഡ് നൽകിയ പ്രഹരത്തിൽ നിന്ന് ഉയിർത്തെണീക്കാനുള്ള ശ്രമത്തിലാണ് യൂറോപ്യൻ ഫുട്ബാൾ. എന്നാൽ സെപ്തംബർ വരെ കളി വേണ്ടെന്ന ഫിഫ മെഡിക്കൽ സംഘത്തലവന്റെ മുന്നറിയിപ്പും ഹോളണ്ടിലെയും ഫ്രാൻസിലെയും ലീഗുകൾ റദ്ദാക്കിയതും ആ ശ്രമത്തിന് തിരിച്ചടിയായേക്കും.
പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന ദേശീയ ലീഗുകളുടെ കാര്യത്തിൽ മേയ് 25നകം അന്തിമ തീരുമാനം അറിയിക്കണമെന്ന് യൂറോപ്യൻ ഫുട്ബാൾ അസോസിയേഷൻ കഴിഞ്ഞ ദിവസം അംഗരാജ്യങ്ങളെ അറിയിച്ചിരുന്നു. അതിനുപിന്നാലെ ഫ്രാൻസും ഹോളണ്ടും ലീഗുകൾ അവസാനിപ്പിച്ചതായി അറിയിച്ചു. ഇൗ വഴിയേ തന്നെയാണ് തങ്ങളും നീങ്ങുകയെന്ന് ഇറ്റലിയിൽ നിന്നുളള റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഉൾപ്പടെ മുൻനിര ടൂർണമെന്റുകൾ പുനരാരംഭിക്കാൻ കഴിയുമെന്നുതന്നെയാണ് യുവേഫയുടെ പ്രതീക്ഷ.
സെപ്തംബർ വരെ ലോകത്ത് ഫുട്ബാൾ മത്സരങ്ങൾ വേണ്ടെന്ന് കഴിഞ്ഞ ദിവസം ഫിഫയുടെ മെഡിക്കൽ സംഘത്തലവൻ അഭിപ്രായപ്പെട്ടിരുന്നു.എന്നാൽ ഇതിന് കടകവിരുദ്ധമായാണ് യുവേഫയുടെ മെഡിക്കൽ ടീം തലവൻ ടിം മെയേർ ഇന്നലെ പ്രതികരിച്ചത്. യൂറോപ്പിൽ ക്ളബ് ഫുട്ബാൾഅടക്കമുളള മത്സരങ്ങൾ പുനരാരംഭിക്കാനാകും എന്ന് മെയേർ ഉറപ്പിച്ചുപറയുന്നു. നിയന്ത്രണങ്ങൾ കർശനമാക്കി ഫുട്ബാളിനെ തിരിച്ചെത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഒന്നോ രണ്ടോ രാജ്യങ്ങളിൽ ലീഗുകൾ റദ്ദാക്കിയത് ഇതിന് തടസമായി കരുതുന്നില്ലെന്നും മത്സരങ്ങൾ പുനരാരംഭിക്കുന്നതിനുള്ള യുവേഫയുടെ കർമ്മസമിതി അംഗമായ മെയേർ പറഞ്ഞു.
യുവേഫയുടെ ഡെഡ്ലൈൻ പുറത്തുവന്നതിന് പിന്നാലെ ഹോളണ്ട് തങ്ങളുടെ ലീഗ് റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. തൊട്ടുപിന്നാലെ സെപ്തംബർ വരെ രാജ്യത്ത് കായിക മത്സരങ്ങൾ നടത്താൻ അനുകൂലമായ സ്ഥിതിയല്ല എന്ന് ഫ്രഞ്ച് പ്രധാനമന്ത്രിയും പ്രഖ്യാപിച്ചു.ഇറ്റലിയിൽ നിന്നും നല്ല വാർത്തകളല്ല പുറത്തുവരുന്നത്. സെരി എ വീണ്ടും തുടങ്ങുന്നത് സംശയമാണെന്ന് ഇറ്റാലിയൻ കായികമന്ത്രി വിൻസെൻസോ അഭിപ്രായപ്പെട്ടിരുന്നു. ഹോളണ്ടും ഫ്രാൻസും കാട്ടിയത് നല്ല മാതൃകയാണെന്നും താൻ ഏതെങ്കിലുമൊരു ക്ളബിന്റെ പ്രസിഡന്റായിരുന്നെങ്കിൽ ഇനി അടുത്ത സീസണിനെക്കുറിച്ച് മാത്രമേ ചിന്തിക്കുകയുള്ളായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഹോളണ്ടിന്റെയും ഫ്രാൻസിന്റെയും മാതൃക യൂറോപ്പ് മുഴുവൻ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കളി നിയന്ത്രിക്കാൻ
പൊലീസ്
ഇംഗ്ളണ്ടിൽ പ്രിമിയർ ലീഗ് ഫുട്ബാൾ മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ കൂടുതൽ നിയന്ത്രണങ്ങൾ തങ്ങൾക്ക് വേണമെന്ന് പൊലീസ് അവശ്യപ്പെട്ടു.സാമൂഹ്യ അകലം പാലിക്കുന്നത് ഉൾപ്പെടെയുളള നിബന്ധനകൾ പാലിക്കാൻ ആരാധകർ തയ്യാറായില്ലെങ്കിൽ കളി നിറുത്തിവയ്പ്പിക്കാനുള്ള അധികാരം വേണമെന്നാണ് ബ്രിട്ടനിലെ ഫുട്ബാൾ പൊലീസിന്റെ തലവൻ മാർക്ക് റോബർട്ട്സ് ആവശ്യപ്പെട്ടത്.
സ്വിസ് ലീഗ് ജൂൺ എട്ടുമുതൽ
കൊവിഡിനെത്തുടർന്ന് നിറുത്തിവച്ചിരിക്കുന്ന സ്വിറ്റ്സർലൻഡിലെ ലീഗ് ഫുട്ബാൾ മത്സരങ്ങൾ ജൂൺ എട്ടിന് പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകി. മേയ് 11മുതൽ ടീമുകൾക്ക് പരിശീലനം പുനരാരംഭിക്കാം. കർശന നിയ്രണങ്ങളോടെയാണ് സീസൺ വീണ്ടും തുടങ്ങുക.
ബുണ്ടസ് ലിഗ മേയ് ഒൻപത് മുതൽ
ജർമ്മൻ ബുണ്ടസ് ലിഗ ഇൗ മാസം ഒൻപതിന് പുനരാരംഭിക്കാനുള്ള ഒരു കടമ്പകൂടി കടന്നു. ഫുട്ബാൾ അസോസിയേഷന്റെ തീരുമാനത്തിന് ഇന്നലെ തൊഴിൽ മന്ത്രാലയം അനുമതി നൽകി. ലീഗിലെ ക്ളബുകൾ കഴിഞ്ഞ മാസം തന്നെ പരിശീലനം പുനരാരംഭിച്ചിരുന്നു.
എതിർപ്പും ശക്തം
യൂറോപ്പിൽ ഫുട്ബാൾ മത്സരങ്ങൾ പുനരാരംഭിക്കുന്നതിൽ പ്രമുഖതാരങ്ങൾക്ക് അടക്കം എതിർപ്പുണ്ട്. കൊവിഡ് വൻകരയിൽ ഇത്രമാത്രം വ്യാപകമാകാൻ കാരണം ഫുട്ബാളാണെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നുണ്ട്.രോഗദുരിതങ്ങളിൽ നിന്ന് പൂർണമായി കരകയറാനാകാത്ത സ്ഥിതിയിൽ വീണ്ടും ഫുട്ബാൾ നടത്തുന്നത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുകയേ ഉള്ളൂ എന്നും അവർ പറയുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ താരം ഗാരി നെവില്ലെ,ബേൺമൗത്ത് ക്ളബ് താരം സൈമൺ ഫ്രാൻസിസ് തുടങ്ങിയവർ പരസ്യമായിതന്നെ കളി തുടങ്ങുന്നതിനെ എതിർത്തിട്ടുണ്ട്. അതേസമയം ഫുട്ബാൾ യൂറോപ്പിന്റെ ജീവവായുവാണെന്നും കളി പുനരാരംഭിക്കുന്നതിലൂടെ പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാമെന്ന ആത്മവിശ്വാസം പകരാമെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.
ഇംഗ്ളീഷ് പ്രിമിയർ ലീഗ് വീണ്ടും തുടങ്ങാനുള്ള തീരുമാനം ഭയപ്പെടുത്തുന്നു. ഇനിയും എത്രപേരെ കൊലയ്ക്ക് കൊടുക്കാനാണ് ഉദ്ദേശം ?. സെപ്തംബർ വരെ കളിവേണ്ട എന്ന ഫിഫ മെഡിക്കൽ സംഘത്തലവന്റെ വാക്കുകൾക്ക് ഒരു വിലയുമില്ലേ ?.
- ഗാരി നെവില്ലെ,
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം
ഫുട്ബാളിന്റെ തിരിച്ചുവരവ് എല്ലാവർക്കും നല്ലതാണ്. കാണികളെ പ്രവേശിപ്പിക്കാതെയാണെങ്കിൽപ്പോലും മത്സരങ്ങൾ നടത്തുന്നത് ജനങ്ങൾക്ക് ആത്മവിശ്വാസം പകരും.
- ഹൊസെ മൗറീന്യോ
ടോട്ടൻഹാം കോച്ച്