
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്തും കാസർകോടുമാണ് ഇന്ന് ഓരോ കേസുകൾ പോസിറ്റീവായത്. ഇതിൽ ഒരാൾ മഹാരാഷ്ട്രയിൽ നിന്നും എത്തിയതാണ്. ഒരാൾക്ക് സന്പർക്കത്തിലൂടെയും രോഗം ലഭിച്ചു. ഇന്ന് പതിനാലു പേരാണ് സംസ്ഥാനത്തിൽ രോഗമുക്തരായത്. കൊവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാലക്കാട് നാല്, കൊല്ലം മൂന്ന്, കണ്ണൂർ കാസർകോട് രണ്ട് വീതം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ എണ്ണം. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 497 ആയി. 111പേർ ചികിൽസയിലുണ്ട്. 20,711 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 20285 പേർ വീടുകളിലും 426 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ. 95 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 25973 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 25135 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്ന് രോഗമുണ്ടാകുന്നു. അതിഥി തൊഴിലാളികളെ ബസ് മാർഗം തിരിച്ചു അയക്കണം എന്ന കേന്ദ്ര നിർദേശം അപ്രായോഗികമാണ്. പ്രത്യക തീവണ്ടി വേണം എന്ന് വീണ്ടും കേന്ദ്രത്തോട് ആവശ്യപെട്ടു. തിരുവനന്തപുരത്തെ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയെ ഇന്ന് ഹോട്ട് സ്‌പോട്ടിൽ ഉൾപ്പെടുത്തി. കൊല്ലത്തെ ഓച്ചിറ,തൃക്കോവിലോട്ടം, കോട്ടയത്തെ ഉദയാന്നാപുരം പഞ്ചായത്തും പുതുതായി ഹോട്ട് സ്‌പോട്ട് പട്ടികയിലേക്ക് ചേർത്തു. ഇങ്ങനെ സംസ്ഥാനത്ത് ആകെ 70 ഹോട്ട് സ്‌പോട്ടുകൾ നിലവിലുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ കേസുകൾ വന്ന സാഹചര്യത്തിൽ കോട്ടയം, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ നിയന്ത്രണം കർശനമാക്കി. ജില്ല ദുരന്തനിവരാണ അതോറിറ്റിയുമായി ആലോചിച്ച് നിയന്ത്രണം നടപ്പാക്കാനാണ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഹോട്ട് സ്‌പോട്ട് മേഖലകളിലേക്കുള്ള പ്രവേശനം ഒറ്ററോഡിലൂടെ മാത്രമായിരിക്കും.
പൊതുനിരത്തിൽ മാസ്‌ക് ധരിക്കുന്നത് ഇന്നു മുതൽ നിർബന്ധമാക്കിയിട്ടുണ്ട്. മാസ്‌ക് ധരിക്കാത്തതിന് വൈകിട്ട് നാല് വരെ സംസ്ഥാനത്ത് 954 കേസുകൾ എടുത്തു. കാസർകോട് കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് നിയന്ത്രണം നൽകുന്ന ജില്ലാ കളക്ടർ സജിത്ത് ബാബു, ഐജിമാരായ അശോക് യാദവ്, വിജയ് സാക്കറെ എന്നിവർ കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചു. കൊവിഡ് സ്ഥിരീകരിച്ച ദൃശ്യമാദ്ധ്യമപ്രവർത്തകനുമായി ഇവർ സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് ഇത്.
മാദ്ധ്യമരംഗത്തെ പ്രതിസന്ധി രൂക്ഷമാണെന്ന് മനസിലാക്കിയിട്ടുണ്ട്. ഇതിനെ തുടർന്ന് മാദ്ധ്യമപ്രവർത്തകർക്ക് ശമ്പളം മുടങ്ങാതിരിക്കാൻ പി.ആർ.ഡിയിലെ പരസ്യഇനത്തിലുള്ള കുടിശിഖയായ 53 കോടി രൂപ നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.
പ്രവാസികൾക്ക് സഹായത്തിന് അപേക്ഷിക്കാൻ കൂടുതൽ സമയം. ഗൾഫിൽ നിന്നാണ് കൂടുതൽ അപേക്ഷകർ.