rishi-kapoor-

മുംബയ്: മൂന്നു പതിറ്റാണ്ടോളം ഇന്ത്യൻ സിനിമയുടെ റൊമാന്റിക് മുഖമായിരിക്കുകയും പിന്നീട് കാരക്ടർ വേഷങ്ങളിലൂടെ അഭിനയത്തിന്റെ ഉജ്ജ്വല മുഹൂ‌ർത്തങ്ങൾ സ‌ൃഷ്‌ടിക്കുകയും ചെയ്ത ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു. 67 വയസായിരുന്നു. ഇന്നലെ രാവിലെ 8.45 ന് മുംബയ് എച്ച്.എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം.

രണ്ടു വർഷമായി രക്താർബുദത്തിന് ചികിത്സയിലായിരുന്നു. ഭാര്യ നീതു സിംഗ് അരികിലുണ്ടായിരുന്നു. നടൻ രൺബീർ കപൂർ മകനും ഡിസൈനർ റിദ്ധിമ കപൂർ സഹാനി മകളുമാണ്. ഇന്നലെ വൈകിട്ട് നാല് മണിയോടെ ഭൗതിക ദേഹം ചന്ദൻവാഡി ശ്മശാനത്തിൽ സംസ്‌കരിച്ചു. കൊവിഡ് ലോക്ക്‌ഡൗൺ നിബന്ധനകൾ പാലിച്ച് ആശുപത്രിയിൽ നിന്ന് ഭൗതികദേഹം ആംബുലൻസിൽ നേരെ ശ്മശാനത്തിലേക്കു കൊണ്ടുപോവുകയായിരുന്നു. ഏതാനും പേ‌ർ മാത്രമാണ് സംസ്കാരത്തിൽ പങ്കെടുത്തത്. ലോകമെമ്പാടുമുള്ള ആരാധകർ പ്രിയ താരത്തിന് നിശബ്ദമായി യാത്രാമൊഴി നൽകി. അഭിനയ പ്രതിഭയായിരുന്ന ഇർഫാൻ ഖാന്റെ വിയോഗത്തിന്റെ അടുത്ത ദിവസം തന്നെ ഋഷികപൂറും യാത്രയായത് ബോളിവുഡിന് വലിയ ദുഃഖമായി. രണ്ട് പേരും കാൻസറിനോട് പൊരുതി തിരിച്ചുവരവിന്റെ പാതയിലാണ് മരണത്തിലേക്ക് മറഞ്ഞത്.

ബോളിവുഡ് അടക്കിവാണ കപൂർ പരമ്പരയിലെ മൂന്നാം തലമുറക്കാരനാണ് ഋഷി കപൂർ. 1952ൽ ബോളിവുഡ് താരം രാജ് കപൂറിന്റെയും കൃഷ്ണ കപൂറിന്റെയും രണ്ടാമത്തെ മകനായി മുംബയിൽ ജനിച്ചു. പ്രമുഖ ചലച്ചിത്ര, നാടക നടനും സംവിധായകനുമായിരുന്ന പൃഥ്വിരാജ് കപൂറിന്റെ കൊച്ചു മകന് സിനിമയും ജീവിതവും രണ്ടല്ലായിരുന്നു. 1955ൽ രാജ് കപൂർ സംവിധാനം ചെയ്ത 'ശ്രീ 420' എന്ന ചിത്രത്തിലെ 'പ്യാർ ഹുവാ ഇക്‌രാർ ഹുവാ...' എന്ന ഗാനത്തിലൂടെ ഋഷി കപൂർ മൂന്നാം വയസിൽ വെള്ളിത്തിരയിൽ മുഖംകാണിച്ചു. 1970ൽ മേരാ നാം ജോക്കറിൽ രാജ്കപൂറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച്‌ മികച്ച ബാലതാരത്തിനുള്ള ദേശീയപുരസ്‌കാരം നേടി. 1973 ൽ രാജ് കപൂർ സംവിധാനം ചെയ്‌ത 'ബോബി'യിൽ ഋഷി കപൂർ ആദ്യമായി നായകനായി. ഡിംപിൾ കപാഡിയ നായികയും. പ്രേക്ഷക‌ർ നെഞ്ചോടുചേർത്ത റൊമാന്റിക് ഹീറോയുടെ വേഷം മികച്ച നടനുളള ഫിലിം ഫെയർ പുരസ്‌കാരം നേടി. പിന്നീട് ബോളിവുഡിൽ ഋഷി കപൂറിന്റെ റൊമാന്റിക് യുഗമായിരുന്നു.

ഖേൽ ഖേൽ മേ, കഭീ കഭീ, അമർ അക്ബർ ആന്റണി, ചാന്ദ്‌നി, ലൈല മജ്‌നൂ, ഹണിമൂൺ, സർഗം, ബോൽ രാധാ ബോൽ തുടങ്ങി 92 ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. 15 ചിത്രങ്ങളിൽ തന്റെ നായികയായ നീതു സിംഗിനെ 1980ൽ ജീവിതസഖിയാക്കി. 2018 ലാണ് രക്താർബുദം സ്ഥിരീകരിച്ചത്. അമേരിക്കയിൽ 11 മാസം ചികിത്സയ്ക്കുശേഷം കഴിഞ്ഞ സെപ്തംബറിൽ മടങ്ങിയെത്തിയെങ്കിലും ഫെബ്രുവരിയിൽ രണ്ടു തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.