കൊച്ചി: കൊവിഡ് പ്രതിസന്ധിക്കിടയിലും ഏപ്രിലിനോട് ഇന്ത്യൻ ഓഹരി സൂചികകളും രൂപയും വിടപറഞ്ഞത് മികച്ച നേട്ടത്തോടെ. ഒരുവേള ആയിരം പോയിന്റിനുമേൽ മുന്നേറിയ സെൻസെക്‌സ് ഇന്നലെ വ്യാപാരാന്ത്യം 997 പോയിന്റ് ഉയർന്ന് 33,717ലാണുള്ളത്. നിഫ്‌റ്റി 306 പോയിന്റ് കുതിച്ച് 9,859ലും.
ഏപ്രിലിൽ 14 ശതമാനം വളർച്ച സെൻസെക്‌സ് കുറിച്ചു. കഴിഞ്ഞ 11 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ നേട്ടമാണിത്. സെൻസെക്‌സിന്റെ മൂല്യത്തിൽ ഇന്നലെ മാത്രം 3.20 ലക്ഷം കോടി രൂപ വർദ്ധിച്ചു. മാർച്ച് 31ന് 113.48 ലക്ഷം കോടി രൂപയായിരുന്ന മൂല്യം, ഇന്നലെ 129.41 ലക്ഷം കോടി രൂപയാണ്. ഏപ്രിലിലെ നേട്ടം 15.92 ലക്ഷം കോടി രൂപ.
കൊവിഡിന് മരുന്നു ലഭ്യമാകുന്നുവെന്ന സൂചനകളും വ്യവസായ മേഖലയ്ക്ക് മുൻതൂക്കമുള്ള സാമ്പത്തിക പാക്കേജ് കേന്ദ്രം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷകളുമാണ് ആവേശമായത്. രൂപയുടെ മൂല്യം ഇന്നലെ ഡോളറിനെതിരെ ഏറെക്കാലത്തിന് ശേഷം 74 നിരക്കിലേക്കും മെച്ചപ്പെട്ടു. ഒരുവേള 74.50 വരെയെത്തിയ മൂല്യം, വ്യാപാരാന്ത്യം 57 പൈസ ഉയർന്ന് 75.09ലാണുള്ളത്.