അഭിനയത്തിന്റെ തികച്ചും വ്യത്യസ്തമായ രണ്ടു വഴികളിലൂടെ സഞ്ചരിച്ച നടൻമാരായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ചലച്ചിത്ര ലോകത്തിന് നഷ്ടമായ ഇർഫാൻഖാനും,ഋഷികപൂറും. താരതമ്യമില്ലാത്ത അഭിനയശൈലിയാണ് കാഴ്ചവച്ചതെങ്കിലും ഇരുവരും പ്രേക്ഷക മനസ്സുകളിൽ ഒരുപോലെ ചിരപ്രതിഷ്ഠ നേടിയവരാണ്.ഹോളിവുഡ്ഡിലേക്ക് നീളുന്ന നൈസർഗ്ഗികമായ അഭിനയശൈലിയാണ് ഇർഫാൻഖാന്റെ പ്രത്യേകതയെങ്കിൽ ഇന്ത്യൻ സിനിമ കണ്ട എക്കാലത്തേയും മികച്ച റൊമാന്റിക് ഹീറോമാരിൽ മുൻനിരയിലായിരുന്നു ഋഷികപൂറിന്റെ സ്ഥാനം.
അർബുദ രോഗത്തിന് വഴങ്ങി അമ്പത്തിമൂന്നാം വയസ്സിൽ ഇർഫാൻഖാനും അറുപത്തിയേഴാം വയസ്സിൽ ഋഷികപൂറും ഒരു ദിവസത്തിന്റെ ഇടവേളയിൽ വിടവാങ്ങുമ്പോൾ ഇന്ത്യൻ ചലച്ചിത്രലോകം തന്നെ പകച്ചു നിൽക്കുകയാണ്.കൊവിഡ് കാലത്തെ ഈ വേർപാടുകൾ അർഹമായ അന്ത്യാഞ് ജലി അർപ്പിക്കുന്നതിന് തടസ്സമായെങ്കിലും അവർ സൃഷ്ടിച്ച കഥാപാത്രങ്ങളുടെ ഓർമ്മകൾ ജനമനസ്സുകളിൽ നിത്യസ്മരണയായി നിലകൊള്ളുമെന്നതിൽ സംശയമില്ല.
നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠനം കഴിഞ്ഞാണ് ഇർഫാൻഖാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചതെങ്കിൽ, ഋഷികപൂറിന്റെ വരവ് ഹിന്ദി ചലച്ചിത്രലോകത്തെ ഏറ്റവും പേരുകേട്ട " കപൂർ കുടുംബ " സർവകലാശാലയിൽ നിന്നായിരുന്നു.അനുഭവങ്ങളാണ് ഒരു നടനെ രൂപപ്പെടുത്തുന്നതെങ്കിൽ ആ നടൻ സ്വീകരിക്കുന്ന അഭിനയ മാതൃകയ്കും ആ സ്പർശമുണ്ടാവുകതന്നെ ചെയ്യും.ഋഷി കപൂറിനെയും ഇർഫാൻഖാനെയും വിലയിരുത്തുമ്പോൾ ഇരുവരും സ്വീകരിച്ച കഥാപാത്രങ്ങളും അവ സൃഷ്ടിച്ച ഭാവ പ്രപഞ്ചവും ഇതിന് ഉത്തമോദാഹരണങ്ങളാണെന്ന് കാണാം.
ഓം പുരി,നസറുദ്ദീൻ ഷാ തുടങ്ങിയ പ്രഗത്ഭരായ നടൻമാരുടെ തൊട്ടുപിന്നാലെ കടന്നുവരികയും,
അഭിനയ ചക്രവർത്തിയായ പൃഥ്വിരാജ് കപൂറിന്റെ കുടുംബത്തിൽപ്പിറന്ന ഋഷികപൂർ അഭിനയത്തിന്റെ മികവിലൂടെയല്ല ആരാദ്ധ്യനായിത്തീർന്നത്.കാൽപ്പനികതയുടെ സ്ഥൂലാംശങ്ങൾ മുന്നിട്ടു നിന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിനയം.പൃഥ്വിരാജ് കപൂറിനും രാജ് കപൂറിനും ശേഷം വന്ന ആ കുടുംബത്തിലെ എല്ലാ കലാകാരൻമാരും കാൽപ്പനികമായ അഭിനയമാണ് കാഴ്ചവച്ചത്.ഋഷികപൂറും അതിൽ നിന്ന് വ്യത്യസ്തനായിരുന്നില്ല.എന്നാൽ ഋഷികപൂർ രംഗപ്രവേശം ചെയ്ത കാലവും ചലച്ചിത്രങ്ങളും മധുര സ്വപ്നങ്ങളിലും അതിരറ്റ പ്രേമസങ്കല്പങ്ങളിലും ഒഴുകി നിന്നതായിരുന്നു. ഋഷികപൂർ ആ കാലത്തെ തൃപ്തിപ്പെടുത്തുകയും ആ തലമുറകളുടെ മനസുകളിൽ നിറഞ്ഞു നിൽക്കുകയും ചെയ്തു.ഋഷികപൂർ താരമായി തിളങ്ങി നിൽക്കുക മാത്രമല്ല സ്നേഹവും സമഭാവനയും പ്രേക്ഷകർക്ക് പ്രദാനം ചെയ്യുകയും ചെയ്തു.അദ്ദേഹത്തിന്റെ സാന്നിദ്ധ്യം പ്രേക്ഷകർക്ക് ഉന്മേഷദായകമായിരുന്നു.രാജേഷ് ഖന്ന സൃഷ്ടിച്ച താര പദവിയിലും തുടർന്നുവന്ന അമിതാഭ് ബച്ചൻ തരംഗത്തിലും ഋഷികപൂറിന് കാലിടറിയിരുന്നില്ല.അറുപത് വയസ്സ് പിന്നിട്ടപ്പോൾ ലഭിച്ച ഹം തും,ഫനാ, ലവ് ആജ് കൽ,102 നോട്ടൗട്ട് ,കപൂർ ആൻഡ് സൺസ് തുടങ്ങിയ ചിത്രങ്ങൾ തന്നിലെ നടനെ ഏറെ തൃപ്തിപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.മലയാളിയായ ജിത്തുജോസഫ് സംവിധാനം ചെയ്ത ദി ബോഡിയായിരുന്നു ഋഷികപൂറിന്റേതായി അവസാനം റിലീസ് ചെയ്ത ഹിന്ദി ചിത്രം.ഒടുവിൽ അഭിനയിച്ചുവന്ന ചിത്രം പൂർത്തീകരിക്കാനായില്ല. ആ അബ് ലത് ചലേൻ എന്നൊരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.
ഇർഫാൻഖാനാകട്ടെ തന്മയത്വമായ അഭിനയ സിദ്ധികൊണ്ട് അതുല്യ നടനായി പ്രേക്ഷകരുടെ മനസ്സുകളിൽ ഇടം നേടുകയാണ് ചെയ്തത്.അഭിനയത്തിന്റെ സമസ്ത സൂക്ഷ്മതലങ്ങളും ആഴത്തിൽ സ്പർശിച്ചു പോകുന്നതായിരുന്നു ഇർഫാൻഖാന്റെ പ്രകടനങ്ങൾ.ഇനിയും അനന്ത വൈചിത്ര്യമാർന്ന രംഗങ്ങളും ഭാവങ്ങളും ആവിഷ്ക്കരിക്കാനിരിക്കെ അകാലത്തിൽ ആ വലിയ നടൻ നമ്മെ വിട്ടുപിരിഞ്ഞിരിക്കുകയാണ്.ഋഷി