മെൽബൺ: പന്തിൽ തുപ്പൽ പുരട്ടി തിളക്കം വർദ്ധിപ്പിക്കുന്നത് കൊവിഡ് പശ്ചാത്തലത്തിൽ തടയാനുള്ള ഐ.സി.സി തീരുമാനത്തിനെതിരെ ആസ്ട്രേലിയൻ ക്രിക്കറ്റർ ഡേവിഡ് വാർണറും. തുപ്പൽ മതിയാക്കി പന്തുരയ്ക്കൽ നിയമവിധേയമാക്കാനുള്ള നീക്കത്തിലാണ് ഐ.സി.സി. എന്നാൽ സഹതാരങ്ങൾക്കൊപ്പം മുറി പങ്കിടുന്നതിനേക്കാൾ വലിയ അപകടസാദ്ധ്യതയൊന്നും തുപ്പൽ പുരട്ടുന്നത് കൊണ്ട് താൻ കാണുന്നില്ലെന്ന് വാർണർ പറയുന്നു. രണ്ട് വർഷം മുമ്പ് സാൻഡ്പേപ്പർ കൊണ്ട് പന്തുരച്ചതിന് വിലക്ക് അനുഭവിച്ചയാളാണ് വാർണർ.