donald-trump

വാഷിംഗ്ടൺ : യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും ട്വിറ്റർ അക്കൗണ്ടുകൾ പിന്തുടർന്നതെന്നും അതിന് ശേഷം അൺഫോളോ ചെയ്യുകയായിരുന്നെന്നും വൈറ്റ് ഹൗസിന്റെ വിശദീകരണം.

പ്രസിഡന്റ് സന്ദർശനം നടത്തുന്ന രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെയും ബന്ധപ്പെട്ട മറ്റു ചില ഉന്നതോദ്യോഗസ്ഥരുടെയും അക്കൗണ്ടുകൾ ഫോളോ ചെയ്യുന്നത് പതിവാണെന്ന് വൈറ്റ് ഹൗസ് പറയുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രധാനമന്ത്രിയുടെ ഓഫീസ്, എന്നീ ട്വിറ്റർ അക്കൗണ്ടുകളാണ് വൈറ്റ് ഹൗസ് ഫെബ്രുവരി മുതൽ ഫോളോ ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞയാഴ്ച ഈ അക്കൗണ്ടുകൾ പിന്തുടരുന്നത് വൈറ്റ് ഹൗസ് നിറുത്തിയിരുന്നു.

ഇതോടെ ഇന്ത്യയും യു.എസും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ വിള്ളൽ വീണെന്ന തരത്തിൽ വാർത്ത പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തിയത്.