jithu

തിരുവനന്തപുരം: തന്റെ ആദ്യ ഹിന്ദി സിനിമയായ 'ദ ബോഡി'യിൽ തന്നെ ഋഷി കപൂറിന് കഥാപാത്രം നൽകാൻ സാധിച്ചത് ഭാഗ്യമായി കരുതുകയാണ് സംവിധായകൻ ജിത്തു ജോസഫ്. ഋഷി കപൂറിന്റേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രവും 'ബോഡി'യായിരുന്നു. മലയാള സിനിമയോടും ഇവിടെയുള്ള ആളുകളോടും അദ്ദേഹത്തിന് വളരെയധികം സ്നേഹവും ബഹുമാനവും ആണ്. ആ നിമിഷങ്ങളെ അനുസ്മരിച്ചുകൊണ്ട് ജിത്തു കേരള കൗമുദിയോട് പറയുന്നതിങ്ങനെ.. ഇന്നലെ രാവിലെ കാമറാമാൻ സതീഷ് കുറുപ്പാണ് എന്നെ വിളിച്ചു പറയുന്നത് ചേട്ടാ നമ്മുടെ ഋഷി സാർ പോയി എന്ന്. ഞാൻ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടാനാകാത്ത അവസ്ഥയിൽ ആയിപ്പോയി. അദ്ദേഹം ഇനി നമ്മളോടൊപ്പമില്ല എന്ന സത്യം പൂർണമായും ഉൾക്കൊള്ളാൻ കഴിയുന്നില്ല. ശരിക്കും ഒരു കുടുംബാംഗം നമ്മളെ വിട്ടു പോയത് പോലെയാണ് തോന്നുന്നത്. നാൽപത് ദിവസമാണ് ഞാൻ അദ്ദേഹത്തെ വച്ച് സിനിമ ഷൂട്ട് ചെയ്‌തത്‌. വെറും നാൽപത് ദിവസം കൊണ്ട് ഒരു ജീവിതകാലം ഓർമ്മിക്കാനുള്ള കാര്യങ്ങൾ അദ്ദേഹം എനിക്ക് നൽകിയിരുന്നു. പരിചയപ്പെട്ടാൽ അറിയാതെ സ്‌നേഹിച്ചു പോകുന്ന ഒരു മനുഷ്യൻ. വളരെയധികം പ്രൊഫഷണലായ അദ്ദേഹം ഈയിടെ ഒരു സമയ ക്ലിപ്‌തത വച്ചായിരുന്നു അഭിനയിച്ചിരുന്നത്. രാവിലെ കൃത്യ സമയത്ത് ഷൂട്ടിനെത്തുന്ന അദ്ദേഹം രാത്രി 9 ന് ശേഷം ഷൂട്ടിംഗിന് നിൽക്കാറില്ല. എന്നാൽ നമ്മുടെ സിനിമയ്ക്ക് വേണ്ടി രണ്ടു ദിവസം, രാത്രി ഒരു മണി വരെ അദ്ദേഹം ഷൂട്ടിന് നിന്നു. എന്നിട്ട് എന്നോട് പറഞ്ഞു, "ഇത് ഞാൻ താങ്കൾക്ക് വേണ്ടി മാത്രമാണ് ചെയ്യുന്നത് മിസ്റ്റർ ജീത്തു." ഷൂട്ട് ഒക്കെ തീരാറായപ്പോൾ ഒരു ദിവസം എന്നെ വിളിച്ച് അദ്ദേഹത്തിന്റെ ആത്മകഥയായ 'ഖുല്ലം ഖുല്ലാ' ൽ ഓട്ടോഗ്രാഫ് ഇട്ടു എനിക്ക് നൽകി. ഞാൻ തുറന്നു നോക്കിയപ്പോൾ അതിൽ ജിത്തു സാർ എന്നൊക്കെ എഴുതിയിരുന്നു. എനിക്ക് നിലത്ത് നിൽക്കാൻ കഴിയാത്തത്ര സന്തോഷം.

ഋഷി സാർ കേരളത്തിലേക്ക്, എന്റെ വീട്ടിലേക്ക് വരാൻ പ്ലാൻ ചെയ്തിരുന്നതാണ്‌. കരിമീൻ പൊള്ളിച്ചതും ഹൗസ് ബോട്ടിലെ സവാരിയും ഒക്കെ ഞങ്ങളുടെ പ്ലാനിൽ ഉണ്ടായിരുന്നു. അതിനായി അദ്ദേഹം ടിക്കറ്റ് വരെ ബുക്ക് ചെയ്‌തിരുന്നതാണ്. ആ സമയത്താണ് അസുഖത്തിന്റെ ആദ്യ ലക്ഷണങ്ങൾ ഋഷി സാറിൽ കണ്ടതും അതിനുള്ള ചികിത്സയ്ക്കായി ഉടൻ തന്നെ ന്യൂയോർക്കിലേക്ക് പോയതും. ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യണം എന്നതും ഋഷി സാറിന് വളരെയധികം ആഗ്രഹമുണ്ടായിരുന്നു. അതിനുള്ള സാദ്ധ്യതകൾ ഞാനും അന്വേഷിച്ചിരുന്നു. മമ്മൂക്കയെ അദ്ദേഹം നേരിട്ട് കണ്ടിട്ടുണ്ട്. ലാലേട്ടനെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തോടൊക്കെ ഭയങ്കര ബഹുമാനമാണ് ഋഷി സാറിന്. തിരഞ്ഞെടുത്ത മലയാളം സിനിമകളൊക്കെ അദ്ദേഹം കണ്ടിട്ടുണ്ട്. 'ദൃശ്യം' അദ്ദേഹം കണ്ടിരുന്നു. 'ദി ബോഡി' റിലീസ് ആകുന്നതിനു മുൻപ് അദ്ദേഹത്തിന്റെ വീട്ടിൽ വച്ചാണ് ഞങ്ങൾ അവസാനമായി നേരിൽ കാണുന്നത്. ഞാൻ 'റാം' സിനിമ തുടങ്ങുന്നതിനു മുൻപ് അദ്ദേഹത്തോട് പറഞ്ഞിരുന്നു. 'ഓൾ ദി ബെസ്റ്റ്, താങ്കൾക്ക് നന്മകൾ വരട്ടെ' എന്ന മെസേജാണ് ഏറ്റവും ഒടുവിലായി അദ്ദേഹം എനിക്ക് അയച്ചത്.