cm

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിത കേന്ദ്രങ്ങളിൽനിന്നും രോഗബാധ ഉണ്ടാവുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ചില ചരക്കുവണ്ടികൾ വന്നതുവഴി ലഭിച്ചതാണ് ചില കേസുകളെന്ന് വ്യക്തമായതായി മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകനത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിയന്ത്രണങ്ങളെ വക വയ്‌ക്കാതെ കൂട്ടംകൂടാനുള്ള പ്രവണത സംസ്ഥാനത്ത് ഉണ്ടാവുന്നുണ്ട്. നിയന്ത്രണങ്ങൾ അയഞ്ഞാൽ സ്ഥിതി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മത്സ്യലേലവുമായി ബന്ധപ്പെട്ട പ്രശ്നം കൂട്ടംകൂടലുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടാണ് മറ്റൊരു സംവിധാനം ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തിയത്. എന്നാൽ വിഴിഞ്ഞം കടപ്പുറത്ത് വീണ്ടും ലേലംവിളി നടന്നു. ചില കമ്പോളങ്ങളിലും വലിയ ആൾക്കൂട്ടമുണ്ടായിട്ടുണ്ട്.

മലപ്പുറത്ത് അതിഥി തൊഴിലാളികൾ കൂട്ടം കൂടിനിന്നു. പലഭാഗത്തും ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. ഇത് സ്ഥിതി ഗുരുതരമാക്കും, നേരിയ അശ്രദ്ധ പോലും രോഗപ്പകർച്ചയ്ക്ക് ഇടവരുത്തി നമ്മളെ കോവിഡ് രോഗികളാക്കാം. രോഗം പ്രതിരോധിക്കാനുള്ള മാർഗനിർദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.