modi

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗവിമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നുവെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ ആണ് ഇക്കാര്യം പത്രസമ്മേളനത്തിലൂടെ അറിയിച്ചത്. ഇന്ത്യയിലെ നിലവിലെ രോഗവിമുക്തീ നിരക്ക് 25.19 ശതമാനം ആണെന്നും ഇത് പുരോഗതിയെ സൂചിപ്പിക്കുന്നുവെന്നുമാണ് അദ്ദേഹം വാർത്താസമ്മേളനത്തിലൂടെ അറിയിച്ചത്. രണ്ടാഴ്ചകൾക്ക് മുൻപ് രാജ്യത്തെ രോഗമുക്തിയുടെ നിരക്ക് 13 ശതമാനം മാത്രമായിരുന്നു.

അതേസമയം, ലോക്ക്ഡൗൺ മൂലം ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഉണ്ടായ പ്രതിസന്ധികൾക്കും കേന്ദ്രം പരിഹാരം കണ്ടു. വിനോദസഞ്ചാരികൾ, അന്യസംസ്ഥാന തൊഴിലാളികൾ, വിദ്യാർത്ഥികൾ എന്നിവർക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് നീങ്ങാനുള്ള അനുമതിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്നത്.

എന്നാൽ ഇവരെ കൊണ്ടുപോകുന്ന ബസുകളും മറ്റ് വാഹനങ്ങളും അണുവിമുക്തമാക്കണമെന്നും സാമൂഹിക അകലം സംബന്ധിച്ച നിർദേശങ്ങൾ ഇവർ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. ഒഡിഷ, ഡൽഹി, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ 3 ദിവസത്തിനിടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിൽ കുറവുണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ വ്യക്തമാക്കി. കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത്‌ 11.3 ദിവസമായി ഉയർന്നു.