കാസർകോട് : കൊവിഡ് രോഗിയായി നടിച്ച് തന്റെയും മറ്റുള്ളവരുടെയും രോഗവിവരങ്ങൾ ചോർന്നുവെന്ന് ചാനലുകളിൽ വ്യാജ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റിൽ. പള്ളിക്കര, പളളിപ്പുഴ സ്വദേശി ഇംദാദിനെയാണ് (34) ബേക്കൽ എസ്. ഐ പി. അജിത്ത് കുമാർ അറസ്റ്റു ചെയ്തത്. പ്രാദേശിക കോൺഗ്രസ് നേതാവാണത്രേ.
ചാനലുകളിൽ യുവാവിന്റെ ആരോപണം കണ്ട ആരോഗ്യവകുപ്പ് ലിസ്റ്റ് പരിശോധിച്ചപ്പോൾ ഈ പേരിൽ ഒരു രോഗി ഇല്ലെന്ന് ബോധ്യമായി. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് നാട്ടിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ രോഗി അല്ലെന്ന് ഉറപ്പായതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തങ്ങളുടെ രോഗ വിവരങ്ങൾ മംഗളൂരുവിലെ സ്വകാര്യ കമ്പനി ചോർത്തുന്നുവെന്ന് പറഞ്ഞാണ് ഇംദാദ് ചാനലുകളിൽ ഇന്റർവ്യു നൽകിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്തും വീട്ടിലെത്തിയ ശേഷവും നിരന്തരം സ്വകാര്യ കമ്പനിയിൽ നിന്ന് വിളിച്ചെന്നായിരുന്നു അവകാശവാദം.
ആൾമാറാട്ടം നടത്തി വ്യാജ പ്രചാരണം നടത്തിയതിനും പൊതു ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്ന രീതിയിൽ പ്രചരണം നടത്തിയതിനുമാണ് കേസ്.