മാറിയ സാമൂഹിക സാഹചര്യങ്ങൾക്ക് അനുസൃതമായി ഇന്ത്യൻ സൈനികരുടെ ഭാര്യമാർക്ക് പ്രത്യേക പരിശീലനം നൽകാനുള്ള സൈന്യത്തിന്റെ നീക്കത്തിന് വിമർശനം. ജവാന്മാരുടെ ഭാര്യമാർക്ക് ഉൾപ്പെടെയുള്ളവരാണ് ഈ നീക്കത്തിനെതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. സാമൂഹിക ക്ഷേമ കേന്ദ്രങ്ങളുമായും സന്നദ്ധസംഘടനയായ ആർമി വൈവ്സ് വെൽഫെയർ അസോസിയേഷനുമായും ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാൻ ഇപ്പോൾ തന്നെ സൈനികരുടെ ഭാര്യമാർക്ക് മേൽ ആവശ്യത്തിലധികം സമ്മർദ്ദമുണ്ടെന്ന് കാട്ടിയാണ് ഇന്ത്യൻ സേനയുടെ ഇത് സംബന്ധിച്ചുള്ള നീക്കങ്ങൾ വിമർശിക്കപ്പെടുന്നത്.
'സൈന്യത്തിലെ താഴ്ന്ന റാങ്കുകളിലുള്ള ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് അവരുടെ ഭർത്താക്കൻമാർ ഉയർന്ന പദവികളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതനുസരിച്ച്, ഉയർന്ന പദവികളിലുള്ള ഓഫീസർമാരുടെ ഭാര്യമാരുടെ നിലവാരത്തിലേക്ക് ഉയരാനായി പരിശീലനം നൽകുന്നതിനെ ന്യായീകരിക്കാനാകില്ല. അതിന് യാതൊരു അടിസ്ഥാനവുമില്ല. മറ്റ് സർക്കാർ സർവീസുകളിൽ ഇങ്ങനെയുള്ള ഒരു പദ്ധതി ഉള്ളതായി തോന്നുന്നില്ല.' ഒരു സൈനികന്റെ ഭാര്യ പറയുന്നു.
സൈനികന് ഉയർന്ന പദവി നൽകുന്നത് അദ്ദേഹത്തിന്റെ ഭാര്യ വിജയകരമായി ഈ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ടോ എന്നതാണോ പരിശോധിക്കുക എന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാതെ മറ്റൊരു സൈനികന്റെ ഭാര്യ ചോദിക്കുന്നു. 'ആരാണ് ആ ഭാര്യയുടെ നിലവാരം അളക്കുക? സീനിയർ ഉദ്യോഗസ്ഥന്റെ ഭാര്യയാണോ അത് തീരുമാനിക്കുക? അങ്ങനെയാണെങ്കിൽ സൈനികന്റെ കഴിവനുസരിച്ചായിരിക്കുമോ അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിക്കുക?' അവർ ചോദിക്കുന്നു.
ഇക്കാലത്ത് ജവാന്മാരുടെ ഭാര്യമാരിൽ ഭൂരിഭാഗം പേരും ഉയർന്ന വിദ്യാഭ്യാസമുള്ളവരാണെന്നും അവരിൽ കൂടുതൽ പേരും ഉയർന്ന ഉദ്യോഗം ഉള്ളവരാണെന്നും ഈ വിഷയം സംബന്ധിച്ച കേസിൽ സൈനികരുടെ ഭാര്യമാർക്ക് വേണ്ടി കേസ് വാദിച്ച സുപ്രീം കോടതി സീനിയർ അഭിഭാഷകൻ മേജർ ഗുണീത് ചൗധരി പറയുന്നു. മാത്രമല്ല സീനിയർ സൈനിക ഉദ്യോഗസ്ഥരുടെ ഭാര്യമാർ താഴ്ന്ന നിലയിലെ വിദ്യാഭ്യാസം നേടിയവരാകുന്ന സാഹചര്യത്തിൽ ഈഗോ ക്‌ളാഷുകളും മറ്റ് വിരോധങ്ങളും ഉടലെടുക്കാനുള്ള സാദ്ധ്യതയുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.