കൊല്‍ക്കത്ത: ഇന്ത്യയുടെ ഇതിഹാസ ഫുട്‌ബോള്‍ താരം ചുനി ഗോസ്വാമി അന്തരിച്ചു. 82 വയസായിരുന്നു. കൊല്‍ക്കത്തയില്‍ വ്യഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
1962 ഏഷ്യന്‍ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്ടനായിരുന്നു.
കരിയര്‍ ആരംഭിക്കുന്നത് 1957ല്‍ ആണ്. 1964 വരെയുള്ള കാലത്ത് ഇന്ത്യക്കുവേണ്ടി 50 മാച്ചുകള്‍ കളിച്ചിട്ടുണ്ട്. മോഹന്‍ ബഗാനുവേണ്ടിയും അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്.
ഏഷ്യന്‍ ഗയിംസില്‍ 1964ലെ ടൂര്‍ണമെന്റില്‍ ചുനി ഗോസ്വാമിയുടെ നേതൃത്വത്തില്‍ ഇന്ത്യ റണ്ണേഴ്‌സ് അപ് ആയിരുന്നു. 1964ല്‍ 27-ാം വയസ്സില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ചു
ക്രിക്കറ്റിലും മികവ് തെളിയിച്ച ചുനി ഗോസ്വാമി ബംഗാളിനായി ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 1971-72 സീസണില്‍ രഞ്ജിട്രോഫി ഫൈനല്‍ കളിച്ച ബംഗാള്‍ ടീമിന്റെ നായകനും ചുനി ഗോസ്വാമിയായിരുന്നു. ഗാരി സോബേഴ്‌സ് നയിച്ച വിന്‍ഡീസ് ടീമിനെ തോല്‍പ്പിച്ച മത്സരത്തില്‍ എട്ടുവിക്കറ്റ് നേടി. പത്മശ്രീ, അര്‍ജുന അവര്‍ഡുകള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. ബസന്തിയാണ് ഭാര്യ. മകന്‍: സുദീപ്‌തോ.