കൊൽക്കത്ത: ഇന്ത്യൻ ഫുട്ബാളിലെ അതികായന്മാരിലൊരാളും 1962ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്ടനുമായ ചുനി ഗോസ്വാമി ഇന്നലെ കൊൽക്കത്തയിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. 82 വയസായിരുന്നു.ബംഗാളിന് വേണ്ടി ഫസ്റ്റ്ക്ളാസ് ക്രിക്കറ്റും കളിച്ചിട്ടുണ്ട്.
1960ലെ റോം ഒളിമ്പിക്സിലടക്കം 50 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു. ഇന്ത്യൻ ഫുട്ബാളിന്റെ സുവർണകാലത്ത് പി.കെ ബാനർജിക്കും തുളസിദാസ് ബൽറാമിനുമൊപ്പം ടീമിന്റെ മുന്നേറ്റനിരയിലെ തുറുപ്പുചീട്ടായിരുന്നു.1962ൽ ഏഷ്യയിലെ ഏറ്റവും മികച്ച സ്ട്രൈക്കർക്കുള്ള പുരസ്കാരം നേടി. 1963ൽ അർജുന അവാർഡും 1983ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു. മോഹൻബഗാന് മാത്രമായാണ് ക്ളബ് ഫുട്ബാൾ കളിച്ചത്. അഞ്ച് സീസണുകളിൽ ബഗാന്റെ ക്യാപ്ടനായിരുന്നു. 2005ൽ മോഹൻ ബഗാൻ രത്ന പുരസ്കാരത്തിന് അർഹനായി.