chuni-

ഏഷ്യയിലെ ഏറ്റവും ശക്തമായ ഫുട്ബാൾ ടീമുകളിൽ ഒന്നായിരുന്നു ഇന്ത്യയെന്ന് ഇന്ന് പറഞ്ഞാൽ പുതിയ തലമുറ വിശ്വസിച്ചെന്ന് വരില്ല. എന്നാൽ 1950കളിലും 60കളിലും കാൽപ്പന്തുകളിയിൽ ലോകം കാതോർത്ത ഒരുപിടി താരങ്ങളും മികച്ച ടീമും ഇന്ത്യയ്ക്ക് സ്വന്തമായിരുന്നു. ശൈലൻ മന്ന, പീറ്റർ തങ്കരാജ്,ഒളിമ്പ്യൻ റഹ്മാൻ,നെവില്ലെ ഡിസൂസ,ജർണെയ്ൽ സിംഗ്, പി.കെ ബാനർജി, ചുനി ഗോസ്വാമി തുടങ്ങിയ പേരുകൾ ഇന്ത്യൻ ഫുട്ബാളിന്റെ ചരിത്രത്തിൽ തങ്കലിപികളിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ആ സുവർണ നിരയിൽ നിന്ന് ഒരോരുത്തരായി കൊഴിഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നു. കഴിഞ്ഞമാസം 20ന് പി.കെ ബാനർജി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.

ഇപ്പോഴിതാ ചുനി ഗോസ്വാമിയും.

സുബിമാൽ ഗോസ്വാമി എന്ന ചുനി ഗോസ്വാമി 1946ൽ മോഹൻ ബഗാന്റെ അക്കാദമിയിലേക്ക് വരുമ്പോൾ എട്ടു വയസായിരുന്നു. ബഗാനിൽ നിന്ന് കളിപഠിച്ച് അവിടുത്തെ ജൂനിയർ ,യൂത്ത് ടീമുകളിലൂടെ സീനിയർ രംഗത്തേക്കു വന്നു. അന്ന് അദ്ദേഹത്തെ സ്വന്തമാക്കാനായി ഇന്ത്യയിലെ മാത്രമല്ല വിദേശത്തെ പല ക്ളബുകളും ഒാഫറുകളുമായത്തിയിരുന്നു. ഇംഗ്ളീഷ് ക്ളബ് ടോട്ടൻഹാം പോലും അദ്ദേഹത്തെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫുട്ബാൾ ബൂട്ടഴിച്ചുവച്ച് ക്രിക്കറ്റ് ബാൾ കൈയിലേന്തുന്നതുവരെ ബഗാന്റെ കുപ്പായം മാത്രമേ ക്ളബ് കരിയറിൽ അദ്ദേഹം ധരിച്ചിരുന്നുള്ളൂ.

ഇന്ത്യൻ ഇതിഹാസം

1956ൽ ചൈനീസ് ഒളിമ്പിക് ടീമിനെതിരെയാണ് ചുനി ദാ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറിയത്. ആ മത്സരത്തിൽ ഇന്ത്യ 1-0ത്തിന് വിജയം കണ്ടു. പിന്നീട് 64ൽ വിരമിക്കുന്നതുവരെ 50 മത്സരങ്ങളിൽ അദ്ദേഹം ഇന്ത്യൻ മുന്നേറ്റനിരയിലെ കുന്തമുന തന്നെയായിരുന്നു. പി.കെ ബാനർജിയും തുളസിദാസ് ബൽറാമും ചുനി ഗോസ്വാമിയും അണിനിരന്ന ആ ഇന്ത്യൻ ടീം ഏഷ്യൻ ഗെയിംസടക്കം നിരവധി മത്സരങ്ങളിൽ സൂപ്പർ പവറായിരുന്നു.1960ലെ റോം ഒളിമ്പിക്സ്,62ലെ ഏഷ്യൻ ഗെയിംസ്,64ലെ ഏഷ്യാകപ്പ്,മെർദേക്ക കപ്പ് എന്നിവയിലെല്ലാം അദ്ദേഹം ഇന്ത്യയുടെ സൂപ്പർസ്റ്റാറായിരുന്നു. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ നായകനും ചുനി ഗോസ്വാമിയായിരുന്നു. ഏഷ്യാകപ്പിലെ വെള്ളിമെഡൽ നേട്ടവും നായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ തൊപ്പിയിലെ പൊൻതൂവലായിരുന്നു. അർജന്റീനയ്ക്കും ബാഴ്സലോണ ക്ളബിനും ഇന്ന് മെസിയെന്ന പോലെയായിരുന്നു ഇന്ത്യയ്ക്ക് ചുനി ഗോസ്വാമി.

ആൾറൗണ്ട് മികവ്

1954 വരെ ബഗാന്റെ ജൂനിയർ താരമായിരുന്ന ചുനി ഗോസ്വാമി തുടർന്ന് 1968ൽ കരിയർ അവസാനിക്കുന്നത് വരെ സീനിയർ ടീമിന്റെ മുന്നേറ്റനിരയിൽ തുടർന്നു.1960 മുതൽ 64വരെയുള്ള അഞ്ച് സീസണുകളിൽ ക്ളബിന്റെ ക്യാപ്ടനുമായിരുന്നു.ഫുട്ബാളിൽ തിളങ്ങിയിരുന്ന സമയത്തുതന്നെയാണ് ക്രിക്കറ്റിലും കഴിവുതെളിയിച്ചത്.1962 /63 സീസൺ മുതൽ 1972/73 സീസൺ വരെ ബംഗാളിന്റെ രഞ്ജി ടീമിൽ അദ്ദേഹമുണ്ടായിരുന്നു. ഫുട്ബാളിൽ നിന്ന് വിരമിച്ച ശേഷം ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധിച്ചു. മികച്ച ആൾറൗണ്ടറായ അദ്ദേഹം മീഡിയം പേസറും വലംകൈയൻ ബാറ്റ്സ്മാനുമായിരുന്നു. 46 ഫസ്റ്റ് ക്ളാസ് മത്സരങ്ങളിൽ നിന്ന് 1592 റൺസും 47 വിക്കറ്റുകളും അദ്ദേഹം നേടി.ഒരു സെഞ്ച്വറിയും ഏഴ് അർദ്ധസെഞ്ച്വറികളും നേടിയിട്ടുണ്ട്.

ബഹുമുഖ പ്രതിഭ

ക്രിക്കറ്റിലും ഫുട്ബാളിലും മാത്രമല്ല പല മേഖലകളിലും കഴിവുതെളിയിച്ച പ്രതിഭയായിരുന്നു ചുനി ഗോസ്വാമി.മോഹൻ ബഗാന് വേണ്ടി ഹോക്കിയിലും ഒരു കൈ നോക്കിയിരുന്നു.സൗത്ത് ക്ളബിനായി ലാൺ ടെന്നിസും കളിച്ചിരുന്നു. പ്രതോം പ്രേം എന്ന ബംഗാളി സിനിമയിലെ അഭിനേതാവുമായി. 2005ൽ കൊൽക്കത്തയിലെ ഷെരിഫ് പദവി സമ്മാനിക്കപ്പെട്ടു. 1986മുതൽ 89വരെ ജംഷഡ്പൂരിലെ ടാറ്റാ അക്കാഡമിയുടെ ഡയറക്ടറായിരുന്നു. 1991/92 കാലയളവിൽ ഇന്തൻ ഫുട്ബാൾ ടീമിന്റെ പരിശീലകനുമായി.

തപാൽ സ്റ്റാമ്പിലും

ഇന്ത്യൻ ഫുട്ബാളിൽ പകരം വയ്ക്കാനില്ലാത്ത പ്രതിഭയെയാണ് കാലം കവർന്നത്. ഏറെനാളായി അദ്ദേഹം രോഗാതുരനായിരുന്നു. ജനുവരിയിൽ തപാൽ വകുപ്പ് അദ്ദേഹത്തിന് ആദരമായി പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.ജനുവരി 15ന് അദ്ദേഹത്തിന്റെ 82-ാം ജന്മദിനത്തിലായിരുന്നു സ്റ്റാമ്പ് പുറത്തിറക്കിയത്. തപാൽ വകുപ്പ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി ആദരിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ ഫുട്ബാളറായിരുന്നു ചുനി ഗോസ്വാമി.അദ്ദേഹത്തിന്റെ അനാരോഗ്യം കണക്കിലെടുത്ത് കൊൽക്കത്തയിലെ വസതിയിലാണ് സ്റ്റാംപ് പുറത്തിറക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. ശാരീരിക അവശതകൾക്കിടയിലും നിറഞ്ഞ സന്തോഷത്തോടെയാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന പൊതുചടങ്ങും അതായിരുന്നു.