rishi-kapoor

ബോബി ഉൾപ്പെടെ അഭിനയിച്ച ചിത്രങ്ങളിൽ വലിയൊരു പങ്കും കോളജ് കുമാരന്റേതായിരുന്നെങ്കിലും ജീവിതത്തിൽ കോളേജിൽ പോകാൻ പറ്റാത്തതിന്റെ സങ്കടം ഖുല്ലം ഖുല്ല ( മറച്ചു വയ്ക്കാതെ) എന്ന തന്റെ ജീവിത കഥയിൽ ഋഷി കപൂർ തുറന്നു പറ‌ഞ്ഞിട്ടുണ്ട്.കപൂർ കുടുംബത്തിന് ഒ‌ട്ടേറെ സവിശേഷതകൾ ഉണ്ടായിരുന്നെങ്കിലും മുത്തച്ഛൻ ഒഴികെ പഠനത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നില്ലെന്നായിരുന്നു ഋഷി കപൂർ പറഞ്ഞത്. അതുകൊണ്ടുതന്നെ ജീവിതത്തിൽ ഒരിക്കലും സംഭവിക്കാത്ത കാര്യമാണ് സിനിമയുടെ തുടക്കകാലം മുഴുവൻ അഭിനയിച്ചു തീർത്തത്.

മൂന്നാം വയസ്സിൽ ശ്രീ 420 എന്ന ചിത്രത്തിലാണ് തന്റെ ആദ്യ ഷോട്ട് ചിത്രീകരിച്ചത്.വാഗ്ദാനം ചെയ്ത ചോക്ളേറ്റിനു വേണ്ടിയായിരുന്നു ആ അഭിനയം. പിന്നീട് ചോക്ളേറ്റ് നായകനായി മാറിയത് അതുകൊണ്ടായിരിക്കാമെന്നും ഋഷികപൂർ പറഞ്ഞു. മേരാ നാം ജോക്കറിൽ ബാലതാരമായി അരങ്ങേറിയപ്പോൾ താൻ ആദ്യം മുറിയിൽപ്പോയി ഒരു വെള്ളപ്പേപ്പറിൽ ഒപ്പിട്ടു ഓട്ടോഗ്രാഫ് ഒപ്പിടാൻ പരിശീലിക്കുകയായിരുന്നുവെന്നും എഴുതിയിട്ടുണ്ട്.

രാജേഷ് ഖന്നയും അമിതാഭ് ബച്ചനും വിനോദ് ഖന്നയുമൊക്കെ നിറഞ്ഞു നിന്നപ്പോഴും ഋഷികപൂർ പ്രേക്ഷകരുടെ ഓമനയായി തുടർന്നതിന് പ്രധാന കാരണം അദ്ദേഹം അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങളായിരുന്നു. മാധുര്യമാർന്ന ഈണങ്ങൾ സമ്മാനിച്ച ആ കാലത്തിന്റെ ഹരമായി ആ രംഗങ്ങളിൽ വന്ന നായകനും മാറി.

ചികിത്സയ്ക്കായി ന്യൂയോർക്കിൽ പോയിരുന്നപ്പോൾ തന്നെ തിരിച്ചറിഞ്ഞ റഷ്യക്കാരൻ ബോബിയിലെ " മേം ഷായർ തോ നഹി "എന്ന ഗാനം പാടിയത് ഋഷികപൂർ അടുത്തിടെ പങ്കുവച്ചിരുന്നു. കിഷോർകുമാറിന് വച്ചിരുന്ന ബോബിയിലെ ആ ഗാനം ശൈലേന്ദ്ര സിംഗിനെക്കൊണ്ട് പാടിക്കാൻ ലക്ഷ്മികാന്ത് പ്യാരേലാലിനെ നിർബന്ധിച്ചതും ഋഷി കപൂറായിരുന്നു.മേരാ നാം ജോക്കറിലെ വിഖ്യാതമായ " പ്യാർ ഹുവാ ഇക് രാർ ഹുവ " എന്ന ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടാനും ബാലതാരമായിരിക്കെ ഋഷിക്കു കഴിഞ്ഞു.

സർഗത്തിലെ ഡാഫ്ലി വാലെ,സുഭാഷ് ഗയിയുടെ കർസിലെ " ഓം ശാന്തി ഓം " ,ദർ ദെ ദിൽ തുടങ്ങിയ ഗാനങ്ങൾ എക്കാലത്തേയും സൂപ്പർ ഹിറ്റുകളാണ്.എന്നാൽ പ്രേക്ഷകർ നെഞ്ചിലേറ്റിയ ഗാനങ്ങളിൽ പലതും തുടക്കത്തിൽ തനിക്കിഷ്ടമായിരുന്നില്ലെന്ന് ഋഷികപൂർ എഴുതിയിട്ടുണ്ട് ഓം ശാന്തി ഓമിന്റ ഗാന ചിത്രീകരണം കഴിഞ്ഞപ്പോൾ ബോണി കപൂർ ഋഷികപൂറിനെ ഒരു ചിത്രത്തിന്റെ സെറ്റിൽ കാണാനെത്തി.ആ പാട്ടിന്റെ ത്രില്ലിലെത്തിയ ബോണിയോട് ഋഷി പറഞ്ഞതിങ്ങനെ-" എനിക്കായി ലക്ഷ്മികാന്ത് പ്യാരെലാൽ എത്ര വിരസമായ ഈണമാണ് സൃഷ്ടിച്ചിരിക്കുന്നത്.ഇത് ആരും സ്വീകരിക്കാൻ പോകുന്നില്ലെന്നായിരുന്നു.".

കഭി കഭി,അമർ അക്ബർ ആന്റണി,ദൂസ്‌രാ ആദ്മി,ഖേൽ ഖേൽ മേം എന്നീ ചിത്രങ്ങളിൽ ഋഷിയുടെ പ്രണയ ജോടിയായി വന്ന നീതു സിംഗ് അദ്ദേഹത്തിന്റെ ജീവിത സഖിയായി മാറി.ആ ചിത്രങ്ങളിൽ ഇരുവരേയും പ്രേക്ഷകർ സ്വീകരിച്ചത് മനോഹരമായ ഗാനങ്ങളിലൂടയായിരുന്നു.ഖേൽ ഖേൽ മേനിൽ ഖുല്ലം ഖുല്ലം പ്യാർ കരേംഗെ എന്ന ഗാനം ഇന്നും പ്രണയികളുടെ മുദ്രാഗാനമാണ്. ബോബിക്കു ശേഷം ഋഷിയും ഡിംപിളും ഒന്നിച്ചഭിനയിച്ച രമേശ് സിപ്പിയുടെ സാഗറും മികച്ച ഗാനങ്ങളാൽ സമ്പന്നമായിരുന്നു.

നൃത്തത്തോട് താത്പര്യം പുലർത്തിയിരുന്ന ഋഷിയ്ക്കൊപ്പം കമലഹാസനും അഭിനയിച്ച ചിത്രമായിരുന്നു സാഗർ. ചാന്ദ്നിയിൽ ശ്രീദേവിയ്ക്കൊപ്പവും യാരാന,പ്രേം ഗ്രന്ഥ് എന്നീ ചിത്രങ്ങളിൽ മാധുരി ദീക്ഷിതിനൊപ്പവും ഋഷി ഗാന രംഗങ്ങളിൽ അഭിനയിച്ചു.ഹം കിസീസെ കം നഹി എന്ന ചിത്രത്തിൽ ഋഷി അഭിനയിച്ച പാട്ട് ബെച്ച്നാ ഏ ഹസീന.. മകൻ രൺബീർ കപൂർ പിൽക്കാലത്ത് ഒരു ചിത്രത്തിലൂടെ പുനരാവിഷ്ക്കരിക്കുകയും ചെയ്തു. എഴുപതുകളിലെ തലമുറ ഋഷികപൂറിന്റെ പാട്ടുകൾക്കൊപ്പം ചുവടുവച്ചു.ആടിപ്പാടി. അവസാന കാലത്താണ് മികച്ച കഥാപാത്രങ്ങൾ ഋഷികപൂറിനെ തേടിയെത്തിയത്. അതിൽ അദ്ദേഹം സന്തോഷവാനുമായിരുന്നു.