കൊച്ചി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സമ്പദ്‌ആഘാതത്താൽ 2020 ജനുവരി-മാർച്ച് പാദത്തിൽ ആഗോളതലത്തിൽ സ്വർണാഭരണങ്ങളുടെ ഡിമാൻഡ് 39 ശതമാനം ഇടിഞ്ഞെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട്. സ്വർണവില കാഴ്‌ചവച്ച റെക്കാഡ് വിലക്കുതിപ്പും തിരിച്ചടിയായി.
2019 ജനുവരി-മാർച്ചിൽ ആഗോളതലത്തിൽ 533.4 ടണ്ണിന്റെ സ്വർണാഭരണങ്ങൾ വിറ്റഴിഞ്ഞിരുന്നു. കഴിഞ്ഞപാദത്തിൽ അത് 325.8 ടണ്ണായി താഴ്‌ന്നു. ഇന്ത്യയിലെ ഡിമാൻഡ് താഴ്‌ന്നത് 125.4 ടണ്ണിൽ നിന്ന് 73.9 ടണ്ണിലേക്കാണ്. 41 ശതമാനമാണ് ഇടിവ്. ഉപഭോഗത്തിൽ ഇന്ത്യയോട് കിടപിടിക്കുന്ന ചൈനയിലെ ഡിമാൻഡ് 65 ശതമാനം കുറഞ്ഞ്, 64 ടണ്ണിലൊതുങ്ങി. മുൻവർഷത്തെ സമാനപാദത്തിൽ 183.6 ടണ്ണിന്റെ സ്വർണാഭരണങ്ങൾ ചൈനക്കാർ വാങ്ങിയിരുന്നു.
ആഭരണങ്ങളുടെ വില്പനമൂല്യത്തിൽ കഴിഞ്ഞപാദത്തിൽ ഇന്ത്യ കുറിച്ചത് 27 ശതമാനം ഇടിവാണ്. 27,230 കോടി രൂപയുടെ സ്വർണാഭരണങ്ങൾ ജനുവരി-മാർച്ചിൽ വിറ്റഴിഞ്ഞു. 2019 ജനുവരി-മാർച്ചിൽ വില്പന 37,070 കോടി രൂപയുടേതായിരുന്നു.
ഗോൾഡ് ഇ.ടി.എഫ്
നിക്ഷേപത്തിന് പ്രിയം
സ്വർണാഭരണങ്ങൾക്ക് ഡിമാൻഡ് കുറഞ്ഞെങ്കിലും ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് (ഗോൾഡ് ഇ.ടി.എഫ്) ഇക്കഴിഞ്ഞ ജനുവരി-മാർച്ചിൽ നിക്ഷേപം കുതിച്ചൊഴുകി. ഓഹരി, കടപ്പത്ര, ക്രൂഡോയിൽ വിപണികൾ തളർന്നപ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് നിക്ഷേപകർ ഇ.ടി.എഫിനെ ആശ്രയിച്ചത്.
3,185 ടൺ
ഗോൾഡ് ഇ.ടി.എഫിലെ മൊത്തം നിക്ഷേപം ജനുവരി-മാർച്ചിൽ പുതിയ ഉയരമായ 3,185 ടണ്ണിലെത്തി. 298 ടണ്ണിന്റെ വർദ്ധന കഴിഞ്ഞപാദത്തിലുണ്ടായി.
39%
ഇന്ത്യയിൽ സ്വർണത്തിന്റെ മൊത്ത ഡിമാൻഡ് ജനുവരി-മാർച്ചിൽ 39 ശതമാനം കുറഞ്ഞ് 101.9 ടണ്ണിലെത്തി.
41%
സ്വർണാഭരണങ്ങളുടെ ഡിമാൻഡ് 125.4 ടണ്ണിൽ നിന്ന് 41 ശതമാനം ഇടിഞ്ഞ് 73.9 ടണ്ണായി.