വാഷിംഗ്ടൺ : ലോകത്താകെ ഭീതി പടർത്തി കൊവിഡ് മരണം 2,29,400 ആയി. 32,48,703 പേർ ചികിത്സയിലാണ്. 10,16,978 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിൽ മരണനിരക്ക് കുറയുന്നുണ്ടെങ്കിലും അമേരിക്കയിലും ബ്രിട്ടനിലും മരണസംഖ്യ ഉയരുന്നത് ആശങ്കയുയർത്തുന്നുണ്ട്. ഇന്നലെ മാത്രം 2502 പേർ അമേരിക്കയിലും 795 പേർ ബ്രിട്ടനിലും മരിച്ചു. അമേരിക്കയിൽ രോഗികളുടെ എണ്ണം പത്തരലക്ഷം കവിഞ്ഞു. ബ്രിട്ടനിലിത് 1,65,221 ആണ്. ഇനി വാക്സിൻ മാത്രമാണ് അമേരിക്കയ്ക്ക് മുന്നിലുള്ള പ്രതിവിധിയെന്നാണ് വിദഗ്ദ്ധർ പറയുന്നത്.കേസുകൾ വർദ്ധിക്കുമ്പോഴും വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സ്വന്തം പൗരന്മാരെ ബ്രിട്ടൻ തിരികെ എത്തിക്കുന്നുണ്ട്. ഈ നടപടി തിരിച്ചടിയുണ്ടാക്കുമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ സ്പെയിനാണ് മുന്നിൽ. 1.32 ലക്ഷം രോഗികളാണ് സ്പെയിനിൽ കൊവിഡ് മുക്തരായത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പല ഘട്ടങ്ങളായി നീക്കാൻ തയ്യാറെടുക്കുകയാണ് ഈ രാജ്യങ്ങൾ.
പാകിസ്ഥാനിൽ 24 മണിക്കൂറിനിടെ 343 മരണം. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് രാജ്യം.
താജിക്കിസ്ഥാനിൽ കൊവിഡ് സ്ഥിരീകരിച്ചു. ഒറ്റയടിയ്ക്ക് 15 പേർക്ക് രോഗം.
ഖത്തർ നൂതന കൃത്രിമ ശ്വസന സഹായിയുടെ നിർമ്മാണം ആരംഭിച്ചു.
ഇൻഡോനേഷ്യയിൽ കേസുകൾ 10,000 കടന്നു.
ഹംഗറിയിൽ മേയ് അവസാനം വരെ സ്കൂളുകൾക്ക് അവധി.
സ്പെയിൻ അടക്കം പല യൂറോപ്യൻ രാജ്യങ്ങളുടേയും സമ്പദ്‌വ്യവസ്ഥയിൽ ഇടിവ്.
യെമനിൽ കൊവിഡ് മരണം (2) റിപ്പോർട്ട് ചെയ്തു.
മാലദ്വീപിലും ആദ്യ മരണം.
കാലിഫോർണിയ ബീച്ചുകളും പാർക്കുകളും വീണ്ടും അടച്ചേക്കും.
ഡൊമിനിക്കൻ റിപ്പബ്ലിക്കിന് ഐ.എം.എഫ് 650 ദശലക്ഷം ഡോളർ നൽകും.
ദുബായിൽ മാളുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തനമാരംഭിച്ചു.വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ഭാഗികമായി നീക്കി