biplab

അ​ഗർത്തല : കൊവിഡ് വൈറസിനെതിരെയുള്ള വാക്സിൻ കണ്ടെത്തിയതിന് ശേഷം മാത്രമേ സംസ്ഥാനത്തെ ലോക്ക്ഡൗൺ പൂർണമായി പിൻവലിക്കുകയുള്ളൂവെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. അതുവരെ ലോക്ക്ഡൗൺ ഏതെങ്കിലും രൂപത്തിൽ സംസ്ഥാനത്ത് തുടരുമെന്നും ബിപ്ലബ് ദേബ് പറഞ്ഞു.

ബുധനാഴ്ച ചേർന്ന സർവകക്ഷി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വാക്സിൻ കണ്ടെത്തുന്നതു വരെ ഭാഗിക ലോക്ക്ഡൗൺ തുടരാനുള്ള നിർദേശത്തിന് പ്രതിപക്ഷ കക്ഷികളും പിന്തുണയറിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ കൊവിഡിനെതിരെയുള്ള ഒരേയൊരു പോംവഴിയാണ് ലോക്ക്ഡൗൺ. ഘട്ടം ഘട്ടമായി ലോക്ക്ഡൗണിൽ നിന്ന് പുറത്ത് കടക്കുന്നതിലേക്ക് കുറേ ദൂരമുണ്ട്. അന്തർ സംസ്ഥാന ബസ്, ട്രെയിൻ, വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് ഇപ്പോൾ പ്രായോഗികമല്ല. അതിനാൽ, ലോക്ക്ഡൗൺ തുടരണം. ലോക്ക്ഡൗൺ അവസാനിപ്പിക്കുന്നത് അത്ര എളുപ്പമല്ല. ജനങ്ങൾ ലോക്ക്ഡൗണിനെ ജീവിതത്തിന്റെ ഭാഗമായി കാണണമെന്നും ബിപ്ലബ് ദേബ് പറഞ്ഞു.