ചുനി ഗോസ്വാമിയെ പ്രമുഖ മലയാളി ഫുട്ബാൾ പരിശീലകൻ ടി.കെ ചാത്തുണ്ണി അനുസ്മരിക്കുന്നു
സ്നേഹഭരിതമായിരുന്നു ചുനി ഗോസ്വാമിയുമായുള്ള ഒാരോ കൂടിക്കാഴ്ചയും. കളിക്കളത്തിൽ അതുല്യവേഗതയോടെ മുന്നേറുമ്പോഴും എതിരാളികളെ ഫൗളുകൾ കൊണ്ടോ മോശം വാക്കുകൾകൊണ്ടോ വേദനിപ്പിക്കാത്ത ചുനി ദായുടെ സവിശേഷസ്നേഹം അടുത്തറിഞ്ഞത് മോഹൻ ബഗാന്റെ കോച്ചായിരുന്ന കാലയളവിലാണ്.
സൗമ്യമധുരമായി സംസാരിക്കുമായിരുന്ന ചുനി ദായുടെ ഉപദേശങ്ങളാണ് ബഗാനെപ്പോലൊരു വലിയ ടീമിനെ പരിശീലിപ്പിക്കാൻ എനിക്ക് ആത്മധൈര്യമേകിയത്. സ്വന്തം കാഴ്ചപ്പാടുകൾക്ക് അനുസൃതമായി വേണം തീരുമാനങ്ങളെടുക്കാനെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. സഹപരിശീലകരെ അമിതമായി ആശ്രയിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഒരു ജെന്റിൽമാനെന്ന് അദ്ദേഹത്തെ പൂർണഅർത്ഥത്തിൽതന്നെ വിശേഷിപ്പിക്കാം. അതുകൊണ്ടുതന്നെയാകണം ജെന്റിൽമാന്മാരുടെ ഗെയിമായ ക്രിക്കറ്റിലേക്ക് അദ്ദേഹം പോയത്. പക്ഷേ അദ്ദേഹത്തിലെ ഫുട്ബാളർ അവസാനം വരെയും ഒപ്പമുണ്ടായിരുന്നു.സംസാരിക്കുമ്പോൾ ഫുട്ബാൾതന്നെയായിരുന്നു മുഖ്യ വിഷയം. മറ്റുള്ളവരെപ്പോലെ തൻപോരിമയിൽ നിന്ന് വരുന്നവയായിരുന്നില്ല അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ. പെലെയെ ഭയങ്കര ഇഷ്ടമായിരുന്നു. അതുപോലെ തന്നെ ആ രക്തത്തിൽ അലിഞ്ഞവികാരമായിരുന്നു മോഹൻ ബഗാൻ.
ബഗാന് വേണ്ടി മാത്രമേ അദ്ദേഹം ക്ളബ് ഫുട്ബാൾ കളിച്ചിട്ടുള്ളൂ.അവിടെ നിന്നാണ് കുട്ടിക്കാലത്ത് അദ്ദേഹം പന്തുതട്ടാൻ പഠിച്ചത്. വലിയ ക്ളബുകൾ പലതും വിളിച്ചിട്ടും ബഗാൻ വിട്ടൊരു കളിക്ക് തയ്യാറല്ലായിരുന്നു.ചെറുപ്പകാലത്ത് നെഞ്ചിൽ കുടിയേറിയ ബഗാൻ എന്ന വികാരം അന്ത്യം വരെയും കാത്തുസൂക്ഷിച്ചു. ബഗാന് വിജയങ്ങൾ നേടിക്കൊടുക്കാൻ പരിശീലകൻ എന്ന നിലയിൽ എനിക്ക് കഴിഞ്ഞപ്പോഴൊക്കെ ഒരു ബഗാൻ ആരാധകന്റെ ഹൃദയംഗമമായ വാത്സല്യം അദ്ദേഹത്തിൽ നിന്ന് അനുഭവിക്കാൻ കഴിഞ്ഞു.
ചുനി ദായുടെ കളി കാണുമ്പോൾ ക്രിക്കറ്റ് മാത്രമല്ല ഫുട്ബാളും ജന്റിൽമാന്മാരുടെ ഗെയിമാണെന്ന് മനസിലാകും. പഴയ കളിക്കാരൊക്കെ കാലയവനികയിലേക്ക് മറയുകയാണ്. പി.കെ ബാനർജിക്ക് പിന്നാലെ ചുനി ദായും. ഇവരൊക്കെ മറയുമ്പോൾ ഇന്ത്യൻ ഫുട്ബാൾ ആ പഴയ പ്രശസ്തിയിൽ നിന്ന് കൂപ്പുകുത്തി വീണിരിക്കുന്നു. നമുക്ക് ഇനിയും ചുനി ഗോസ്വാമിമാർ ഉണ്ടാകണം. പി.കെ ബാനർജിയെയും പീറ്റർ തങ്കരാജിനെയും പോലുള്ള കളിക്കാർ ഉണ്ടാകണം. ഇന്ത്യൻ ഫുട്ബാൾ ആ പഴയ സുവർണകാലത്തിലേക്ക് തിരിച്ചുപോകണം. ഇൗ സ്വപ്നമാണ് ഇപ്പോഴും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.