kerala

താൻ വരച്ച ചിത്രത്തിന് ഫോട്ടോഷോപ്പിലൂടെ രൂപമാറ്റം വരുത്തി ഫേസ്ബുക്കിലിട്ട ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാലിനെതിരെ ചിത്രം വരച്ചയാൾ. മുഖ്യമന്ത്രിയും ആരോഗ്യം മന്ത്രിയും ആരോഗ്യ പ്രവർത്തകരും പൊലീസും രോഗപ്രതിരോധത്തിനായി ഒത്തുചേർന്ന മറ്റുള്ളവരും ഒരു കുടക്കീഴിൽ നിൽക്കുന്നതായി താൻ വരച്ച ചിത്രത്തിൽ പ്രധാനമന്ത്രിയുടെ ചിത്രം കൂടി എഡിറ്റ് ചെയ്ത് ചേർത്തുകൊണ്ട് അത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത എം.എൽ.എയുടെ നടപടിയെയാണ് ചിത്രം ആഷിൻ മുന്നു എന്ന കലാകാരൻ വിമർശിച്ചിരിക്കുന്നത്.

ചിത്രത്തിൽ മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കും മേലെയായി പ്രധാനമന്ത്രിയും കുടപിടിച്ച് നിൽക്കുന്ന ചിത്രമാണ് രാജഗോപാൽ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ യുക്തിരഹിതമായ മാറ്റങ്ങൾ വരുത്തി സൃഷ്ടിയുടെ ആത്മാവിനെയും കലയുടെ എത്തിക്സ്‌നേയും വ്യഭിച്ചരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നു മുന്നു വിമർശിക്കുന്നു. ഒ. രാജഗോപാലിനെ പോലുള്ള മുതിർന്ന രാഷ്ട്രീയ നേതാക്കന്മാർക്ക് ചേർന്നതല്ല ഈ പ്രവർത്തിയെന്നും ഇത്തരം തരംതാണ വേലകൾ ആവർത്തിക്കരുതെന്നും ചിത്രകാരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യർത്ഥിക്കുന്നു.