rishikapoor

മുംബയ് : ബോളിവുഡിന്റെ സ്വപ്നനായകൻ ഋഷികപൂർ ഇന്ന് രാവിലെയാണ് ലോകത്തോട് വിടപറഞ്ഞത്. കാൻസർ ബാധിതനായ അദ്ദേഹത്തെ ബുധനാഴ്ചയാണ് ശാരീരിക അസ്വസ്ഥതകളെ തുടർ‌ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ കിടക്കയിൽ വച്ച് ഋഷി കപൂറിനെ പരിചരിക്കുന്ന യുവഡോക്ട‌ർ ദീവാന എന്ന ചിത്രത്തിലെ പ്രശസ്തമായ ഗാനം അദ്ദേഹത്തെ പാടിക്കേൾപ്പിച്ചിരുന്നു. ഋഷി കപൂര്‍, ഷാരൂഖ് ഖാന്‍, ദിവ്യ ഭാരതി, അമരീഷ് പുരി തുടങ്ങിയവര്‍ അഭിനയിച്ച 1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദീവാന.

ഏറെ വികാരാതീതനായാണ് ഋഷികപൂ‌ർ ഗാനം ആസ്വദിച്ചത്. പാട്ടു കഴിഞ്ഞപ്പോള്‍ അതീവ സന്തോഷത്തോടെ ഡോക്ടറുടെ നെറുകയില്‍ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്തു.

പുഞ്ചിരിച്ചുകൊണ്ട് പാട്ട് ആസ്വദിക്കുന്ന നടന്റെ ഈ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. മകനും .യുവതാരവുമായ രൺബിർ കപൂർ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

കഠിനാധ്വാനവും ഭാഗ്യവും കൊണ്ടാണ് ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കുകയെന്നും ചിലപ്പോഴൊക്കെ ഭാഗ്യം നമ്മെ തുണയ്ക്കുമെങ്കിലും കഠിനാധ്വാനം ചെയ്താല്‍ ജീവിതത്തില്‍ വലിയ നിലകളിലെത്തുമെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.