pinarayi-vijayan

തിരുവനന്തപുരം: കൊവിഡിന്റെ സാഹചര്യത്തിൽ കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളെ ബസിൽ അയക്കാനാകില്ലെന്നും അതിനായി പ്രത്യേക വൺ സ്റ്റോപ്പ് ട്രെയിൻ കേന്ദ്രം അനുവദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബസ് വഴി തൊഴിലാളികളെ അയക്കുന്നത് പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ട്രെയിൻ അനുവദിക്കണമെന്ന കാര്യം കേന്ദ്രത്തോട് താൻ വീണ്ടും ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. അതേസമയം അന്യസംസ്ഥാനതൊഴിലാളികളെ തെരുവിലിറക്കാനായി ശ്രമം നടക്കുന്നുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബംഗാൾ, അസാം, ഒഡീഷ, ബിഹാർ, യു.പി എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗം തൊഴിലാളികളും. ഇത്രയും പേരെ ഇത്രയും ദൂരം ബസിൽ കൊണ്ടുപോകുന്നത് രോഗവ്യാപനത്തിന് ഇടയാക്കും. അതിനാലാണ് സ്‌പെഷ്യൽ ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിനോദസഞ്ചാരികൾ, അന്യസംസ്ഥാന തൊഴിലാളികൾ, വിദ്യാർത്ഥികൾ എന്നിവർക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് നീങ്ങാനുള്ള അനുമതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിരുന്നു. എന്നാൽ ഇവരെ കൊണ്ടുപോകുന്ന ബസുകളും മറ്റ് വാഹനങ്ങളും അണുവിമുക്തമാക്കണമെന്നും സാമൂഹിക അകലം സംബന്ധിച്ച നിർദേശങ്ങൾ ഇവർ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പും നൽകിയിരുന്നു.