പത്തനാപുരം: ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങി ആക്ടിവിസ്റ്റ് രശ്മി നായരും ഭർത്താവ് രാഹുൽ പശുപാലനും. ബുധനാഴ്ച ഉച്ചയോടെ പത്തനാപുരം കല്ലുംകടവിലായിരുന്നു സംഭവം നടന്നത് . ടൗണിലേക്ക് പോകാൻ എത്തിയതായിരുന്നു ദമ്പതികൾ.വാഹനപരിശോധനയുടെ ഭാഗമായി കല്ലുംകടവില്‍ വച്ച് പൊലീസും ആരോഗ്യവകുപ്പും ഇവർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തുകയും ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കാത്തത് ചോദ്യം ചെയ്യുകയും ചെയ്തു.
എന്നാൽ തങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചുകൊണ്ട് രശ്മിയും പശുപാലനും സംഘത്തിലുണ്ടായിരുന്ന പത്തനാപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണരാജിനോട് തട്ടിക്കയറി. ഇവർ എറണാകുളത്തുനിന്ന് വരുകയാണെങ്കില്‍ ക്വാറന്റൈനില്‍ പോകണം എന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ നിർദേശിച്ചെതിനെ തുടർന്നായിരുന്നു ഇത്.
മാസ്ക്കോ മറ്റ് മുന്‍കരുതലുകളോ എടുക്കൊതെയായിരുന്നു യാത്ര എന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് അംഗത്തെ വിളിച്ച് രശ്മിയും ഭര്‍ത്താവും ഇവിടെ തന്നെ താമസിക്കുകയാണെന്ന് ഉറപ്പാക്കിയശേഷം പൊലീസ് ഇവരെ വിട്ടയച്ചു.
എന്നാൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും മാസ്ക് ധരിക്കാത്തതിനും ഇവർക്കെതിരെ കേസ് എടുക്കാതിരുന്നതിനും പിഴ പോലും ഈടാക്കാതെ ഇരുന്നതിനും പൊലീസിനെതിരെ വിമർശനമുയർന്നിട്ടുണ്ട്. സ്വന്തം വീട് പട്ടാഴി ആണെങ്കിലും ഇവർ ഇരുവരും എറണാകുളത്ത് സ്ഥിരതാമസക്കാരാണ്. കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് രശ്മിക്കും പശുപാലനുമെതിരെ കേസ് നിലവിലുണ്ടെങ്കിലും ഇരുവരും ഇപ്പോൾ ജാമ്യത്തിലാണ്.