വേനൽക്കാലത്ത് ശരീരത്തിന് ചൂടു വർദ്ധിപ്പിക്കുന്നതിൽ കാലാവസ്ഥയ്ക്ക് മാത്രമല്ല, നമ്മുടെ ഭക്ഷണക്രമത്തിനും വലിയ പങ്കുണ്ട്. മാംസാഹാരം ശരീരത്തിന്റെ ചൂട് വർദ്ധിപ്പിക്കുന്നതിനാൽ പരമാവധി ഒഴിവാക്കുക. ചെറുമത്സ്യങ്ങൾ കഴിക്കുന്നതാണ് നല്ലത്.
ജങ്ക് ഫുഡ് ചൂട് വർദ്ധിപ്പിക്കുന്നെന്ന് മാത്രമല്ല, വേനൽക്കാലത്ത് വേഗത്തിൽ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. മാത്രമല്ല, എണ്ണയിൽ വറുത്ത പലഹാരങ്ങളും മൈദയടങ്ങിയ ഭക്ഷണവും ജങ്ക് ഫുഡും ചൂടും ക്ഷീണവും ഒപ്പം അലസതയും വർദ്ധിപ്പിക്കും. എണ്ണ അടങ്ങിയിട്ടുള്ള നാലുമണി പലഹാരങ്ങൾക്ക് പകരം പഴങ്ങളോ മധുരം കുറച്ച് പാലും പഴങ്ങളും ചേർത്ത് തയാറാക്കിയ ഷേക്കുകളോ പഴച്ചാറുകളോ കഴിക്കുക. ചായ പരമാവധി കുറയ്ക്കുക. കാപ്പി കൂടുതൽ ചൂടുണ്ടാക്കുന്നതിനാൽ ഒഴിവാക്കുന്നതാണ് നല്ലത്. ഗ്രീൻ ടീ കുടിക്കാം. തേൻ നേരിട്ടോ തേൻ ചേർത്ത പാനീയങ്ങളോ ഒഴിവാക്കുക. കാരണം ചൂട് കൂട്ടുന്ന ഒന്നാണ് തേൻ.