മുംബെയ് : മഹാരാഷ്ട്രയിൽ പ്ലാസ്‌മ തെറാപ്പിക്ക് വിധേയനാക്കിയ ആദ്യ കോവിഡ് രോഗിയായ അമ്പത്തിമൂന്നുകാരൻ അണുബാധ മൂലം മരിച്ചു.
ഏതാനും ദിവസങ്ങളായി ഇയാൾ ബാന്ദ്ര ലീലാവതി ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.കഴിഞ്ഞ 25 നാണ് ഇയാളെ കോൺവലസന്റ്
പ്ളാസ്മ ചികിത്സയ്ക്ക് വിധേയനാക്കിയത്. അതേസമയം അതീവ ഗുരുതരാവസ്ഥയിൽ ആയിരിക്കെയാണ് ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്തതെന്നും രക്ഷിക്കാൻ പരമാവധി ശ്രമിച്ചെന്നും ആശുപത്രി അധികൃതർ പറഞ്ഞു
രോഗം സുഖപ്പെട്ട വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് രോഗികളെ ചികിത്സിക്കുന്ന രീതിയാണ് കോൺവലസന്റ് പ്ലാസ്മ തെറാപ്പി. ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ പോലും ഈ ചികിത്സ ഫലം ചെയ്തിട്ടുണ്ടെന്നാണ് ചൈനയിൽ നിന്നും യു.എസിൽ നിന്നുമുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്.
രോഗം ഭേദപ്പെട്ട ആളുടെ ശരീരത്തിലെ ആന്റിബോഡി അളവ് തൃപ്തികരമെങ്കിൽ ആ വ്യക്തിയുടെ പൂർണ സമ്മതത്തോടെ രക്തത്തിൽ നിന്ന് പ്ളാസ്മ വേർതിരിച്ചെടുക്കും.