വളാഞ്ചേരി: വളാഞ്ചേരി തിണ്ടത്ത് നിന്ന് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ 3,000 കിലോ മത്സ്യം പിടികൂടി. വളാഞ്ചേരി പൊലീസും ആരോഗ്യ വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് തിണ്ടലത്തെ കേന്ദ്രത്തിൽ നിന്ന് മത്സ്യം പിടികൂടിയത്. തമിഴ്നാട്ടിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് തിണ്ടലത്തുള്ള പേരശ്ശന്നൂർ സ്വദേശി തോട്ടത്തിൽ ഫാബിറിന്റെ അനധികൃത കേന്ദ്രത്തിൽ നിന്നും മത്സ്യം പിടികൂടിയത്. ചൂര, തിരണ്ടി ഇനത്തിൽപെട്ട മത്സ്യങ്ങൾക്ക് ആഴ്ചകളുടെ പഴക്കമുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ വൻതോതിൽ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യമാണ് ജില്ലയിലേക്കെത്തുന്നത്. തിണ്ടലത്തെ അനധികൃത കേന്ദ്രത്തിലെത്തിക്കുന്ന മത്സ്യം ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നതാണ് രീതി. പിടികൂടിയ മത്സ്യത്തിലെ രാസപഥാർത്ഥങ്ങൾ ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കും. വളാഞ്ചേരി എസ്.ഐ. മുരളീകൃഷ്ണൻ, സി.പി.ഒമാരായ അബ്ദു റഹ്മാൻ, അനീഷ്, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ നസീർ തിരൂർക്കാട്, ഹോം ഗാർഡ് മുഹമ്മദ് ഷാജി, വളാഞ്ചേരി ഹെൽത്ത് ഇൻസ്പെക്ടർ സജീർ പാഷ, എടയൂർ ഹെൽത്ത് ഇൻസ്പെക്ടർ എം.കെ. ഷാജു, എടയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ്, പഞ്ചായത്ത് അംഗം മോഹനകൃഷ്ണൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. പിടികൂടിയ മത്സ്യം പിന്നീട് കുഴിച്ചുമൂടി.