മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇന്നലെ മുതൽ 328 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 16,850 ആയതായി ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു. 156 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 150 പേരാണ് ഐസൊലേഷനിലുള്ളത്. തിരൂർ ജില്ലാ ആശുപത്രിയിൽ രണ്ടുപേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നാല് പേരും ഐസൊലേഷൻ വാർഡുകളിലുണ്ട്. 16,683 പേർ വീടുകളിലും 11 പേർ കോവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നു. 48 പേർക്ക് കൂടി കോവിഡ് ബാധയില്ല ജില്ലയിൽ 48 പേർക്കു കൂടി കോവിഡ് വൈറസ് ബാധയില്ലെന്ന് ഇന്നലെ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഇതുവരെ 702 പേർക്ക് വിദഗ്ധ പരിശോധനകൾക്കു ശേഷം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി 176 പേരുടെ സാമ്പിൾ പരിശോധനാ ഫലങ്ങളാണ് ലഭിക്കാനുള്ളത്. കോവിഡ് 19 ബാധിച്ച് ജില്ലയിൽ ഇപ്പേൾ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഒരാൾക്കാണ് ഇതുവരെ രോഗം ചികിത്സിച്ചു ഭേദമായത്. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശിക്കും രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ആരോഗ്യ ജാഗ്രത കർശനമായി തുടരുന്നു കോവിഡ് 19 മുൻകരുതൽ പ്രവർത്തനങ്ങൾ ജില്ലയിൽ കർശനമായി തുടരുകയാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വാർഡ് തലങ്ങളിൽ ദ്രുത കർമ്മ സംഘങ്ങളുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നവരുള്ള 7,336 വീടുകൾ ദ്രുത കർമ്മ സംഘങ്ങൾ സന്ദർശിച്ച് ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൈമാറി. ഇതിനൊപ്പം നിരീക്ഷണത്തിലുള്ളവർ പൊതു സമ്പർക്കം പുലർത്തുന്നുണ്ടോയെന്നും സംഘം നിരീക്ഷിക്കുന്നുണ്ട്. 2,194 സ്ക്വാഡുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ആരോഗ്യ സുരക്ഷ ഉറപ്പാക്കി ജില്ലാതല കൺട്രോൾ സെൽ കോവിഡ് വ്യാപനം തടയാനുള്ള പ്രവർത്തനങ്ങൾ ജില്ലാതല കൺട്രോൾ സെല്ലിന്റെ ആഭിമുഖ്യത്തിൽ തുടരുകയാണ്. ഇന്നലെ 202 പേർ കൺട്രോൾ സെല്ലുമായി ഫോണിൽ ബന്ധപ്പെട്ടു. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നലെ 573 പേരുമായി വിദഗ്ധ സംഘം ഫോൺ വഴി ബന്ധപ്പെട്ടു. 12 പേർക്ക് കൗൺസലിംഗ് നൽകി. നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള 489 മുതിർന്ന പൗരന്മാരെ ഇന്നലെ പാലിയേറ്റീവ് നഴ്സുമാർ വഴി കണ്ടെത്തി ആരോഗ്യ ജാഗ്രതാ നിർദേശങ്ങൾ കൈമാറി. പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതിനായി 981 പേരുമായി കൺട്രോൾ സെല്ലിൽ നിന്ന് കോൺടാക്ട് ട്രെയ്സിംഗ് വിഭാഗം ഇന്നലെഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.