തിരൂർ: പരിശോധന നടത്തുകയായിരുന്ന പൊലീസിനെക്കണ്ട് ഭയന്നോടിയ ആട്ടോഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. തലക്കാട് കട്ടച്ചിറ കാരയിലെ നെടുവരമ്പത്ത് കൃഷ്ണൻകുട്ടിയുടെ മകൻ സുരേഷ് (42) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി തിരൂർ സി.ഐ ഫർഷാദിന്റെ നേതൃത്വത്തിൽ പൊലീസ് , അനധികൃതമായി സംഘം ചേർന്നവരെ പിടികൂടിയിരുന്നു. ഈ സമയം തലക്കാട് ആരോഗ്യകേന്ദ്രത്തിന് സമീപത്തെ കലുങ്കിലിരിക്കുകയായിരുന്ന അഞ്ചംഗസംഘത്തിന് നേരെ പൊലീസ് തിരിഞ്ഞതോടെ ഇവർ ചിതറിയോടി. ഇതിൽ രണ്ടുപേരെ പൊലീസ് പിടികൂടി. സുരേഷ് അടക്കം മൂന്നുപേർ ഓടി രക്ഷപ്പെട്ടു. മറ്റുള്ളവർ വീട്ടിലെത്തിയെങ്കിലും സുരേഷിനെ കാണാഞ്ഞതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മതിൽ ചാടുന്നതിനിടെ വീണ് കല്ലിൽ തലയിടിച്ചുണ്ടായ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ പൊലീസിന്റെ മർദ്ദനമേറ്റതിനെ തുടർന്ന് രക്ഷപ്പെടാൻ മതിൽ ചാടിക്കടക്കുമ്പോഴാണ് സുരേഷ് അപകടത്തിൽപെട്ടതെന്ന് ഒപ്പമുണ്ടായിരുന്നവർ ആരോപിക്കുന്നു. ആരോഗ്യവിഭാഗത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ചായിരുന്നു സംസ്‌കാരം. ഉറ്റ ബന്ധുക്കൾ മാത്രമാണ് സംബന്ധിച്ചത്. ഭാര്യ: ജിഷ.മകൾ: ശിഖ.