പെരിന്തൽമണ്ണ: അത്യാസന്ന നിലയിലായിരുന്ന രണ്ട് വയസുകാരനുമായി എം.ഇ.എസ് മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന കാറിന്റെ ഇന്ധനം കഴിഞ്ഞ് രാത്രിയിൽ റോഡിൽ കുടുങ്ങിയ കുടുംബത്തിനും രണ്ടു വയസുകാരന്റെ ജീവനും രക്ഷകരായത് മങ്കട പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലിസുകാർ. മങ്കട എസ്.ഐ അബ്ദുൾ അസീസും സിവിൽ പൊലീസ് ഓഫീസർ പ്രവീണും ആണ് ഈ മാതൃക പൊലീസുകാർ.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. മലപ്പുറം ഒതുക്കുങ്ങൽ സ്വദേശിയായ മാതാവ് നിസ്കരിക്കുന്ന സമയത്ത് രണ്ട് വയസ്സ് പ്രായമായ കുട്ടി ബാത്ത്റൂമിലെ ബക്കറ്റിൽ തലകീഴായി വീഴുകയും ശ്വാസമില്ലാതെ കാണപ്പെട്ട കുട്ടിയെ ഉടൻ മലപ്പുറത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഐ.സി.യു സൗകര്യം ഇല്ലാത്തതിനാൽ എം.ഇ.എസ് മെഡിക്കൽ കോളേജിലെക്ക് കൊണ്ടുപോവാൻ ആവശ്യപ്പെടുകയായിരുന്നു.
തിരൂർക്കാടെത്തും മുമ്പ് വാഹനത്തിന്റ ഇന്ധനം കഴിഞ്ഞ് വഴിയിൽ അകപ്പെട്ട കുടുംബത്തിന്റെ മുന്നിലേക്ക് നൈറ്റ് പെട്രോളിംഗിനിടയിൽ രക്ഷാദൂതരായി പൊലീസ് ജീപ്പെത്തുകയും ഉടൻ കുടുംബത്തെ കയറ്റി മെഡിക്കൽ കോളേജിലേക്ക് കുതിക്കുകയായിരുന്നു. യാത്രക്കിടയിൽ തന്നെ ആശുപത്രി അധികൃതരുമായി എസ്.ഐ സംസാരിക്കുകയും വൈദ്യ പരിശോധനക്ക് വേണ്ട സംവിധാനങ്ങൾ ഒരുക്കാൻ ആവശ്യപ്പെട്ടു.
ആശുപത്രിയിലെത്തിച്ച ശേഷം ചികിത്സ സൗകര്യങ്ങൾ ഉറപ്പുവരുത്തിയ ശേഷം പെട്രോൾ പമ്പ് അധികൃതരുമായി സംസാരിച്ച് കാറിലേക്ക് വേണ്ട ഇന്ധനം ലഭ്യമാക്കുകയും ചെയ്തു. കുട്ടിയിപ്പോൾ അപകടനില തരണം ചെയ്തതായും രണ്ട് ദിവസത്തിനകം ആശുപത്രിയിൽ നിന്ന് തിരികെ വീട്ടിൽ പോകാൻ കഴിയുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രാത്രിയിൽ ദൈവദൂതരെ പോലെ തങ്ങളുടെ കുരുന്നിന്റെ രക്ഷകരായ പൊലീസുകാർക്ക് മനസ്സറിഞ്ഞ് നന്ദി പറയുകയാണീ കുടുംബം .