മലപ്പുറം: ജില്ലയ്ക്ക് ഇന്നലെ ആശ്വാസ ദിനമായിരുന്നു. തുടർച്ചയായി രണ്ടാംദിവസവും പുതുതായി കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രത്യേക നിരീക്ഷണമേർപ്പെടുത്തിയവരുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. ജില്ലയിൽ ഇന്നലെ മുതൽ 68 പേർക്കാണ് നിരീക്ഷണം ഏർപ്പെടുത്തിയത്. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 13,269 ആയതായി ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു. ഇന്നലെ 210 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ 208 പേരാണ് ഐസൊലേഷനിലുള്ളത്. തിരൂർ ജില്ലാ ആശുപത്രിയിൽ രണ്ട് പേരും ഐസൊലേഷൻ വാർഡുകളിലുണ്ട്. 787 പേരെ ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം വീടുകളിലെ പ്രത്യേക നിരീക്ഷണത്തിൽ നിന്ന് ഇന്നലെ ഒഴിവാക്കി. 12,999 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 60 പേർ കോവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നു. 19 പേർക്കാണ് ഇതുവരെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർ വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗമുക്തരായി ആശുപത്രി വിട്ടു. 17 പേരാണ് നിലവിൽ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിലുള്ളത്. ജില്ലയിൽ ഇതുവരെ 1,186 പേർക്ക് വൈറസ് ബാധയില്ലെന്ന് വിദഗ്ധ പരിശോധനകൾക്കു ശേഷം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. 226 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
ആറ് പേർ ഇന്ന് വീട്ടിലേക്ക് മടങ്ങും
ജില്ലയിൽ കോവിഡ് ബാധിച്ച് വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തരായ ആറ് പേർ ഇന്ന് കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് വീടുകളിലേക്ക് മടങ്ങും. ജില്ലയിലെ ആദ്യ കോവിഡ് ബാധിതരിൽ ഒരാളായ അരീക്കോട്ടെ 60 കാരിയുൾപ്പെടെയുള്ളവർ രോഗം ഭേദമായി മടങ്ങുന്നവരിൽ ഉൾപ്പെടും. ഇത്രയധികം പേർ രോഗമുക്തരായി ഒരുമിച്ച് ആശുപത്രി വിടുന്നത് സംസ്ഥാന സർക്കാറിന്റെ രോഗ പ്രതിരോധ പ്രവർത്തനങ്ങളടേയും ജില്ലയിൽ തുടരുന്ന ചിട്ടയായ പ്രവർത്തനങ്ങളടേയും വലിയ വിജയമാണന്ന് ജില്ലാ കളക്ടർ ജാഫർ മലിക് പറഞ്ഞു. ഇവർ വീട്ടിലേക്കു മടങ്ങുന്നതോടെ ജില്ലയിൽ രോഗമുക്തരായവരുടെ എണ്ണം എട്ടാവും.
മാർച്ച് 13ന് വൈറസ് ബാധ സ്ഥിരീകരിച്ച അരീക്കോട് ചെമ്രക്കാട്ടൂർ വെള്ളേരി സ്വദേശിനി ഫാത്തിമ (60), മാർച്ച് 24 ന് വൈറസ് ബാധ സ്ഥിരീകരിച്ച താനൂർ താനാളൂർ മീനടത്തൂർ സ്വദേശി അലിഷാൻ സലീം (28), മാർച്ച് 22ന് രോഗബാധ കണ്ടെത്തിയ വള്ളിക്കുന്ന് കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി മുഹമ്മദ് സഹദ് (24), വേങ്ങര കൂരിയാട് സ്വദേശി അബ്ദുൾ കരീം (31), മാർച്ച് 29 ന് രോഗബാധ കണ്ടെത്തിയ മഞ്ചേരി പയ്യനാട് സ്വദേശി മുഹമ്മദ് ബഷീർ (41), ഏപ്രിൽ ഒന്നിന് കോവിഡ് ബാധ സ്ഥിരീകരിച്ച എടപ്പാൾ സ്വദേശി ഫാസിൽ (31) എന്നിവരാണ് രോഗം ഭേദമായി ഇന്ന് വീടുകളിലേക്ക് മടങ്ങുന്നത്.
ഐസൊലേഷൻ കേന്ദ്രത്തിലെ ചികിത്സയ്ക്കു ശേഷം വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ച ഇവർ പ്രത്യേക നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗമുക്തരായവരുടെ ആരോഗ്യനില തൃപ്തികരമാണന്ന് ഉറപ്പാക്കിയ ശേഷമാണ് വീടുകളിലേക്ക് അയക്കുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രാവിലെ 10 മണിക്കാണ് ആറപേരും ആശുപത്രി വിടുക. വീടുകളിൽ എത്തിയിട്ടും ഇവർ ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരമുള്ള പ്രത്യേക നിരീക്ഷണത്തിൽ തുടരും.